വാഹന അപകട ഇൻഷുറസ് കേസിൽ നീതി വൈകുന്നു, ടെലിഫോൺ ടവറിന് മുകളിൽ കയറി യുവാവിന്‍റെ ആത്മഹത്യ ഭീഷണി

 

കൊച്ചി: വാഹന അപകട ഇൻഷുറസ് കേസിൽ നീതി വൈകുന്നുവെന്ന് ആരോപിച്ച് കൊച്ചിയിൽ ടെലിഫോൺ ടവറിന് മുകളിൽ കയറി യുവാവിന്‍റെ ആത്മഹത്യ ഭീഷണി. അഭിഭാഷകനും ഇൻഷുറൻസ് കമ്പനിയും ഒത്തുകളിച്ച് നഷ്ടപരിഹാരം വൈകിപ്പിക്കുന്നുവെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ആലപ്പുഴ സ്വദേശിയായ യുവാവിനെ പൊലീസും ഫയർഫോഴ്സുമെത്തി രണ്ടരമണിക്കൂർ നീണ്ട പരിശ്രമത്തിലൊടുവിലാണ് രക്ഷപ്പെടുത്തിയത്.

2021 ൽ തിരൂരിൽ വെച്ചാണ് യുവാവിന് അപകടമുണ്ടായത്. ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് കാര്‍ ഇടിക്കുകയാണ് ഉണ്ടായത്. തുടർന്ന് കൈയ്ക്ക് ഉൾപ്പടെ സാരമായി പരിക്കേറ്റതോടെ ശസ്ത്രക്രിയയും നടത്തേണ്ടി വന്നു. കൊച്ചിയിലെ വാഹന അപകട ഇൻഷുറൻസ് പരാതികൾ പരിഗണിക്കുന്ന കോടതിയിൽ കേസുമെത്തി. എന്നാൽ അഭിഭാഷകൻ കേസ് അനാവശ്യമായി വൈകിപ്പിക്കുന്നുവെന്നാണ് ഇയാളുടെ ആരോപണം. ഇതിനിടെ കൈയ്ക്ക് നടത്തിയ ശസ്ത്രക്രിയയിലെ പ്രശ്നങ്ങൾ കാരണം ഡ്രൈവറായ ഇയാൾക്ക് ജോലിയും പോയി. മൂന്ന് കുട്ടികളെ പരിപാലിക്കാൻ ആരുമില്ലാത്തതിനാൽ ഭാര്യയ്ക്കും ജോലി ഉപേക്ഷിക്കേണ്ടി വന്നു.

കേസ് ഒത്തുതീർപ്പാക്കാൻ അഭിഭാഷകനോട് ആവശ്യപ്പെട്ടെങ്കിലും അതും നടന്നില്ല. കൈയ്യുടെ പരിക്ക് ഭേദമാകാൻ വീണ്ടുമൊരു ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാരും വിശദമാക്കിയിരിക്കുന്നത്. തുടർന്ന് മാനസിക സമ്മർദ്ദത്തിലായ യുവാവ് കൊച്ചി നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ മൊബൈൽ ടവറിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. പൊലീസിന്റെയും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരുടെയും മണിക്കൂറുകളുടെ അധ്വാനത്തിലാണ് ഇയാളെ താഴെ ഇറക്കാൻ സാധിച്ചത്. ഇയാൾക്കെതിരെ കൊച്ചി പൊലീസ് ആത്മഹത്യശ്രമത്തിന് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *