മസ്‍കത്ത്: ഒമാനില്‍ സ്‍കൂള്‍ ബസും കാറും കൂട്ടിയിടിച്ച് 16 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ച രാവിലെ ഗുബ്‍റ ടാം ഏരിയയിലായിരുന്നു സംഭവം. ദിമ വിലായത്തിലേക്കും അല്‍ തയ്യിനിലേക്കുള്ളമുള്ള റോഡില്‍ വെച്ച് മിനി ബസും കാറും കൂട്ടിയിടിക്കുകയായിരുന്നുവെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
രാവിലെ 7.10ന് ആണ് അപകടം സംഭവിച്ചത്. കാറില്‍ ഡ്രൈവര്‍ മാത്രമാണ് അപകട സമയത്ത് ഉണ്ടായിരുന്നത്. സ്‍കൂള്‍ ബസില്‍ 14 കുട്ടികളും ഡ്രൈവറും ഉള്‍പ്പെടെ 15 പേരുണ്ടായിരുന്നു. രണ്ട് വാഹനങ്ങളിലെയും യാത്രക്കാര്‍ക്ക് പരിക്കേറ്റതായും മൂന്ന് പേരൊഴികെ എല്ലാവരും പിന്നീട് വീടുകളിലേക്ക് മടങ്ങിയതായും പൊലീസ് അധികൃതര്‍ അറിയിച്ചു.
ഗുരുതര പരിക്കുകളുള്ള മൂന്ന് പേരെ ഇബ്റ ആശുപത്രിയിലേക്ക് മാറ്റി. ഇവരും അപകടനില തരണം ചെയ്തിട്ടുണ്ട്. ഡ്രൈവര്‍മാര്‍ വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും നിയമങ്ങള്‍ പാലിച്ചും അശ്രദ്ധമായ ഡ്രൈവിങ് പോലുള്ള നിയമലംഘനങ്ങളില്‍ നിന്ന് വിട്ടുനിന്നും മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ സഹകരിക്കണമെന്നും പൊലീസ് അഭ്യര്‍ത്ഥിച്ചു.