53 കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ

ചടയമംഗലം: കൊല്ലം ചടയമംഗലത്ത് 53 കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ. കാറിൽ പ്രത്യേകം അറകൾ ഉണ്ടാക്കിയായിരുന്നു പ്രതികളുടെ കഞ്ചാവ് കടത്ത് നടത്തിയിരുന്നത്. കൊല്ലം റൂറൽ പോലീസിന്റെ ഡാൻസാഫ് ടീമും ചടയമംഗലം പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടരയോടെ നിലമേൽ വെച്ചാണ് കാറിൽ കടത്തിക്കൊണ്ടുവന്ന 53 കിലോ കഞ്ചാവ് പൊലീസ് പിടികൂടിയത്. കാറിലുണ്ടായിരുന്ന ചിതറ സ്വദേശി ഫെബിമോൻ, നെയ്യാറ്റിൻകര സ്വദേശി ഷൈൻ എന്നിവരെ ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. ഫെബിമോൻ മുൻപും സമാന കേസുകളിൽ പിടിയിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 80 കിലോ കഞ്ചാവ് കടത്താൻ ശ്രമിച്ച കേസിൽ ചാത്തന്നൂർ പോലീസാണ് ഇയാളെ മുൻപ് അറസ്റ്റ് ചെയ്തത്.

ഒറീസ്സയിൽ നിന്നാണ് പ്രതികൾ കഞ്ചാവ് വിൽപ്പനയ്ക്കായി എത്തിച്ചത്. ഇവരുടെ കാറിൽ നിന്നും വിവിധ സംസ്ഥാനങ്ങളിലെ വാഹനങ്ങളുടെ വ്യാജ നമ്പർ പ്ലേറ്റുകളു പൊലീസ് കണ്ടെടുത്തു. പിടിയിലാകുമ്പോൾ പ്രതികൾ കൊട്ടാരക്കര സ്വദേശിയുടെ പേരിലുള്ള വാഹനത്തിന്റെ നമ്പറാണ് കാറിൽ ഉപയോഗിച്ചിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ പൊക്കിയത്. കൊല്ലം റൂറൽ ഡാൻസാഫ് ടീം തിരുവനന്തപുരം ജില്ലമുതൽ കാർ പിന്തുടരുകയായിരുന്നു. നിലമേലിൽ എത്തിയപ്പോൾ ചടയമംഗലം പൊലീസിന്റെ സഹായത്തോടെ കാര്‍ വളഞ്ഞാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *