പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു

കോഴിക്കോട്: കിണർ നിർമ്മാണത്തിനിടെ കല്ലുകളും മണ്ണും അടർന്നുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. മുക്കം കുറ്റിപ്പാല പടിഞ്ഞാറെ പുറ്റാട്ട് ബാബു ( 50 ) ആണ് മരിച്ചത്. കോഴിക്കോട് ജില്ലയിലെ കുറ്റിപ്പാലയിൽ ആണ് കിണർ നിർമ്മാണ പ്രവൃത്തിയ്ക്കിടെ അപകടമുണ്ടായിരിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

തിങ്കളാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് അപകടം. മുക്കം നഗരസഭയിലെ പതിനഞ്ചാം വാർഡിൽ കിണർ പണിയ്ക്കിടെ വലിയ മൺകട്ടയും കല്ലുകളും അടര്‍ന്ന് ബാബുവിന്റെ ദേഹത്ത് വീഴുകയായിരുന്നു. തൊഴിലാളികളും അഗ്നിരക്ഷ ജീവനക്കാരും വലയുടെ സഹായത്തോടെയാണ് ബാബുവിനെ കിണറിൽ നിന്നും പുറത്തെടുത്തത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: സുനിത. മക്കൾ:വിജിൻ, ബിജിൻ. മൃതദേഹം മെഡിക്കൽ കോളേജിലെ നടപടികൾ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

Leave a Reply

Your email address will not be published. Required fields are marked *