ദില്ലി: അമേരിക്കന്‍ ബുള്ളി ഇനത്തില്‍പ്പെട്ട നായയുടെ കടിയേറ്റ് പതിനേഴുകാരിക്ക് ഗുരുതര പരിക്ക്. സംഭവത്തിന് പിന്നാലെ നായയുടെ ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തു. സൗത്ത് ദില്ലിയിലെ നെബ് സറായിയിൽ ആണ് സംഭവം. മാര്‍ച്ച് 29നാണ് സംഭവം നടക്കുന്നത്. തന്‍റെ വളര്‍ത്തു നായയുമായി പെണ്‍കുട്ടി അയല്‍വാസിയായ മാന്‍സിംഗിന്‍റെ(60) വീട്ടിലെത്തി. തുടര്‍ന്ന് വീടിന്‍റെ ടെറസിലേക്ക് കയറുന്നതിനിടെ അപ്രതീക്ഷിതമായി അമേരിക്കന്‍ ബുള്ളി ഇനത്തില്‍പ്പെട്ട നായ ഓടിയെത്തി പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു ഉണ്ടായത്.
ഉടമയായ മാന്‍സിംഗ് നോക്കി നില്‍ക്കെയാണ് നായ മകളെ ആക്രമിച്ചതെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. സംഭവത്തിന് പിന്നാലെ പിതാവ് പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്. കുട്ടിയുടെ പിതാവിന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. നായയുടെ കടിയേറ്റ് പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.