വീട്ടിലെ ബക്കറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നവജാത ശിശുവിനെ രക്ഷപ്പെടുത്തി

ആലപ്പുഴ: ചെങ്ങന്നൂർ മുളക്കുഴയ്ക്ക് സമീപം കോട്ടയിൽ വീട്ടിലെ ബക്കറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നവജാത ശിശുവിനെ രക്ഷപ്പെടുത്തിയത് പൊലീസിന്റെ ഇടപെടലിനെ തുടർന്ന്. വീട്ടിൽ പ്രസവിച്ച യുവതി അമിത രക്തസ്രാവത്തെ തുടർന്ന് ചികിത്സ തേടിയതോടെയാണ് പൊലീസ് സംഭവ സ്ഥലത്ത് അന്വേഷിച്ചെത്തിയത്. കുട്ടി മരിച്ചെന്നായിരുന്നു യുവതി പറഞ്ഞിരുന്നത്. വീട്ടിലെത്തി പരിശോധിച്ച പൊലീസ് ബക്കറ്റിൽ നിന്നും കുട്ടിയെ കണ്ടെത്തി.

ചെങ്ങന്നൂർ സിഐയുടെ വാക്കുകൾ

 

കുട്ടി മരണപ്പെട്ടുവെന്ന് യുവതി പറഞ്ഞുവെന്നാണ് ആശുപത്രിയിൽ നിന്നും അറിയിച്ചത്. ഒരു ബക്കറ്റിലാക്കി ബാത്ത് റൂമിൽ വെച്ചിട്ടുണ്ടെന്നും പറഞ്ഞു. വീട്ടിലെത്തിയപ്പോൾ ബാത്ത് റൂമിൽ തുണിയിട്ട ഒരു ബക്കറ്റ് കണ്ടു. ഒരു കരച്ചിലും കേട്ടു. ഞെട്ടിപ്പോയി. തുണി മാറ്റി നോക്കിയപ്പോൾ അവശനിലയിൽ ചോര കുഞ്ഞ്. ജീവൻ രക്ഷിക്കാനായി കൂടെയുണ്ടായിരുന്ന പൊലീസുകാരൻ അഭിലാഷ് ആ ബക്കറ്റെടുത്ത് ഓടുകയായിരുന്നു. ഉടനെ അടുത്ത ആശുപത്രിയിലെത്തി പ്രഥമ ശുശ്രൂഷ നൽകി. പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആദ്യമായാണ് ഇങ്ങനെയൊരു സംഭവമുണ്ടാകുന്നത്. കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു ആദ്യ പരിഗണനയെന്നും ചെങ്ങന്നൂർ സിഐ വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *