കോഴിക്കോട്: എലത്തൂരിൽ ട്രെയിനിൽ തീയിട്ട പ്രതിക്കായി വ്യാപക തെരച്ചിൽ തുടരുന്നു. ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ പരിശോധന നടത്തുകയുണ്ടായി. അന്വേഷണ പുരോഗതി വിലയിരുത്താൻ ഇന്ന് ഉന്നതതലയോഗം ചേരുംയ നോയിഡ സ്വദേശി ഷഹറൂഖ് ഫൈസിയാണ് ആക്രമണം നടത്തിയതെന്നാണ് പോലീസ് പ്രാഥമിക നിഗമനം. സംഭവം ആസൂത്രിതമെന്നും പോലീസിന് വിലയിരുത്തൽ ഉണ്ട്. ക്രമസമാധാന ചുമതലയുള്ള എ ഡിജിപി എം ആർ അജിത് കുമാറിന്റെ നേതൃത്വത്തിലാണ് ഇതുവരെയുള്ള അന്വേഷണ പുരോഗതി വിലയിരുത്തുന്നത്. അക്രമം നടന്ന ട്രെയിനിലെ രണ്ടു ബോഗികളും കണ്ണൂര്‍ റയില്‍വേ സ്റ്റേഷനിലെ നാലാം പ്ലാറ്റ്ഫോമിന് സമീപം നിര്‍ത്തിയിട്ടിരിക്കുകയാണ്. പൊലീസ് സീല്‍ ചെയ്ത ബോഗികള്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കൈമാറാന്‍ റയില്‍വേ ആവശ്യപ്പെട്ടിട്ടുണ്ട്.
എലത്തൂരിൽ ആലപ്പുഴ – കണ്ണൂർ എക്സിക്യുട്ടീവ് എക്സ്പ്രസിലുണ്ടായ അക്രമം യാത്രക്കാരുടെ സുരക്ഷയിൽ വീണ്ടും ആശങ്ക നിറച്ചു. കംപാർട്ട്മെന്‍റിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നെങ്കില്‍ അക്രമം ഒഴിവാക്കാൻ കഴിയുമായിരുന്നുവെന്ന് രക്ഷപ്പെട്ട യാത്രക്കാർ പറയുന്നു. അക്രമിയിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതിന്‍റെ ആശ്വാസത്തിലാണ് മറ്റ് യാത്രക്കാർ.