പ്രവാസി മലയാളിയുടെ മൃതദേഹം ഒരു മാസത്തിന് ശേഷം നാട്ടിലേക്ക്

റിയാദ്: കുടുംബങ്ങളുടെ കടുംപിടുത്തം കാരണം ഒരു മാസമായി റിയാദിലെ മോർച്ചറിയിൽ കിടന്ന മലയാളിയുടെ മൃതദേഹം ഒടുവില്‍ നാട്ടിലേക്ക്. മാർച്ച് നാലിന് റിയാദിൽ മരിച്ച പാലക്കാട് ഒറ്റപ്പാലം സ്വദേശി കിണാശ്ശേരിയിൽ അബൂബക്കറിന്റെ (65) മൃതദേഹം ചൊവ്വാഴ്ച പുലർച്ചെ 12.40-ന് റിയാദിൽനിന്ന് പുറപ്പെടുന്ന ഫ്ലൈനാസ് വിമാനത്തിൽ കൊണ്ടുപോകും. രാവിലെ 8.20-ന് കരിപ്പൂരിലെത്തുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്തേക്ക് കൊണ്ടുപോകും.

രണ്ട് ഭാര്യമാരുള്ള ഇദ്ദേഹത്തിന്റെ കുടുംബങ്ങൾക്കിടയിലെ തർക്കമാണ് നാട്ടിൽ നടപടികള്‍ വൈകിപ്പിക്കാനിടയാക്കിയത്. സമാനമായ ചില പ്രശ്നങ്ങളാൽ തന്നെ ഇദ്ദേഹത്തിന് 10 വർഷമായി നാട്ടിൽ പോകാനും കഴിഞ്ഞിരുന്നില്ല. ആദ്യ ഭാര്യ നാട്ടിൽ നൽകിയ പരാതിയായിരുന്നു അതിന് കാരണം. 40 വർഷമായി സൗദിയിൽ പ്രവാസിയായിരുന്ന ഇദ്ദേഹം ജിദ്ദയിലാണ് ജോലി ചെയ്തിരുന്നത്. മരിക്കുന്നതിന് തൊട്ടുമുമ്പ് സ്‍പോൺസറുടെ കൂടെ റിയാദിൽ എത്തിയതായിരുന്നു.

ഫെബ്രുവരി 27-ന് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് റിയാദിലെ കിങ് ഖാലിദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് വെൻറിലേറ്ററിന്റെ സഹായത്തോടെ ഏതാനും ദിവസം ജീവൻ നിലനിർത്തുകയുമായിരുന്നു. മാർച്ച് നാലിന് മരണം സ്ഥിരീകരിച്ചു. അതോടെ തർക്കം മൃതദേഹം നാട്ടിലെത്തിക്കുന്നതിനെ ചൊല്ലിയായി. മരണാനന്തര നടപടിക്രമങ്ങളുടെ ഭാഗമായി അബൂബക്കറിന്റെ പിതാവിന്റെയും സഹോദരങ്ങളുടെയും നേതൃത്വത്തിൽ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള പവർ ഓഫ് അറ്റോർണി തയ്യാറാക്കിയപ്പോൾ ആദ്യ ഭാര്യയും മക്കളും അതിൽ സഹകരിക്കാൻ തയാറായില്ല.

ഈ സാഹചര്യത്തിൽ സൗദിയിൽ തന്നെ ഖബറടക്കാനുള്ള ആലോചനയായി. എന്നാൽ അപ്പോൾ നാട്ടിൽ ഇരു കുടുംബങ്ങളും തമ്മിലുള്ള അഭിപ്രായഭിന്നത രൂക്ഷമായി. ആദ്യ ഭാര്യയേയും മക്കളെയും റിയാദിലെ ഇന്ത്യൻ എംബസി അധികൃതർ ബന്ധപ്പെട്ടപ്പോൾ അവർ അയഞ്ഞു. നാട്ടിലേക്ക് കൊണ്ടുവരാനാവശ്യമായ സമ്മതപത്രം നൽകാമെന്ന് സമ്മതിക്കുകയും ചെയ്തു. എന്നിട്ടും ഇരു കുടുംബങ്ങളും അഭിപ്രായ ഐക്യത്തിൽ എത്തിയില്ല. ഒരു മാസം കഴിഞ്ഞിട്ടും രണ്ടു കൂട്ടരും ഒറ്റ നിലപാടിൽ എത്താത്ത സാഹചര്യത്തിൽ മൃതദേഹം നാട്ടിലേക്ക് അയക്കാൻ എംബസി സ്വമേധയാ തീരുമാനിക്കുകയാണുണ്ടായത്.

തുടർന്ന് നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നിയമനടപടികൾ പൂർത്തീകരിക്കുകയായിരുന്നു. സൗദിയിലെ സാമൂഹിക പ്രവർത്തകരായ നിഹ്മത്തുല്ല, ഹുസൈൻ ദവാദ്മി, സിദ്ദീഖ് തുവ്വൂർ, റസാഖ് വയൽക്കര, ഇബ്രാഹിം കരീം എന്നിവരുടെ നിരന്തരമായ ശ്രമമാണ് വിജയം കണ്ടത്. നാട്ടിൽനിന്ന് സാമൂഹികപ്രവർത്തകൻ മുത്തലിബ് ഒറ്റപ്പാലവും ഇടപെട്ടിരുന്നു. പത്താണ്ടായി നാടണയാൻ കൊതിച്ചിട്ടും കഴിയാതിരുന്ന അബൂബക്കർ ഒടുവിൽ ജീവനറ്റ ശരീരമായി നാട്ടിലേക്ക്.

Leave a Reply

Your email address will not be published. Required fields are marked *