തിരുവനന്തപുരം: വർക്കലയിൽ ഭിന്നശേഷിക്കാരിയായ ദളിത് യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി ശാരീരികമായി ഉപദ്രവിച്ച സംഭവത്തിൽ പ്രതിയെ കർണാടകയിൽ നിന്നും പോലീസ് പിടികൂടി. അയിരൂർ താന്നിമൂട് വീട്ടിൽ സുനിൽകുമാർ(42) ആണ് പിടിയിലായിരിക്കുന്നത്. അയിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇക്കഴിഞ്ഞ ഫെബ്രുവരി എട്ടാം തീയതി ഉച്ചയോടെയാണ് സംഭവം നടന്നിരിക്കുന്നത്.
32 കാരിയായ യുവതിയുടെ വീട്ടിൽ ആരും ഇല്ലാത്ത സമയത്തു എത്തിയാണ് ലൈംഗികമായി ഉപദ്രവിച്ചത്. തൊഴിലുറപ്പ് തൊഴിലാളികളായ മാതാപിതാക്കൾക്ക് ഭക്ഷണം നൽകി തിരികെ വീട്ടിൽ എത്തിയ യുവതിയുടെ സഹോദരിയാണ് അതിക്രമം കാണുന്നത്.
തുടർന്ന് സഹോദരി ബഹളം വയ്ക്കുകയും സുനിൽകുമാർ ഓടി രക്ഷപ്പെടുകയും ആയിരുന്നു. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അയിരൂർ പൊലീസ് ഫെബ്രുവരി എട്ടിന് തന്നെ കേസെടുത്തിരുന്നു. കായലിൽ മണലൂറ്റ് ജോലിക്കാരനായ പ്രതി മൊബൈൽ ഫോൺ ഉപയോഗിക്കാത്തത് കൊണ്ട് തന്നെ ടവർ ലൊക്കേഷൻ നോക്കി പിടികൂടാൻ കഴിഞ്ഞിരുന്നില്ല.
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വർക്കല ഡി വൈ എസ് പി മാർട്ടിന്റെ നിർദ്ദേശാനുസരണം അയിരൂർ പൊലീസ് സംഘം കർണാടകയിലെ റാം ചൂഡ് എന്ന സ്ഥലത്തെത്തി ഇയാളെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.