സ്ഥാപനങ്ങളിലെ വെള്ളം കുടി മുട്ടിച്ച് വാട്ടർ മീറ്റർ മോഷ്ടാവ്

പെരുമ്പാവൂര്‍: എറണാകുളം പെരുമ്പാവൂരിൽ സ്ഥാപനങ്ങളിലെ വെള്ളം കുടി മുട്ടിച്ച് വാട്ടർ മീറ്റർ മോഷ്ടാവ്. കഴിഞ്ഞ ആറ് മാസത്തിനിടെ അൻപതോളം വാട്ടർ മീറ്ററുകളാണ് മോഷണം പോയിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് പരിശോധന ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യമുയർന്നിരിക്കുന്നത്. നഗരത്തിലെ സിവിൽ സ്റ്റേഷൻ പരിസരം, കെഎസ്ആർടിസി സ്റ്റാൻഡ്, സ്റ്റേഡിയം തുടങ്ങിയ സ്ഥലങ്ങളിലാണ് മീറ്റർ മോഷണം പോയിരിക്കുന്നത്. പൈപ്പ് പൊളിച്ചാണ് മീറ്റർ മോഷ്ടിക്കുന്നത്.

നഗരസഭാ സ്റ്റേഡിയത്തിന്റെ ചുറ്റുമതിലിൽ ഘടിപ്പിച്ചിരുന്ന മീറ്ററുകളാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. മീറ്ററിനകത്തെ പിച്ചളയ്ക്ക് വേണ്ടിയാണ് മോഷണം എന്നാണ് സംശയം. പുതിയ മീറ്റർ ഘടിപ്പിക്കണമെന്ന ആവശ്യവുമായി നിരവധി പേരാണ് വാട്ടർ അതോറിറ്റി ഓഫീസിൽ എത്തുന്നത്.

 

എന്നാല്‍ പുതിയ മീറ്റർ ഘടിപ്പിച്ചാലും, മോഷ്ടാവിനെ പിടികൂടിയില്ലെങ്കിൽ പിന്നെ എന്ത് കാര്യം എന്നാണ് നാട്ടുകാരുടെ ചോദ്യം. നഗരത്തിൽ പല ഭാഗങ്ങളിലും സിസിടിവി ക്യാമറകൾ ഉണ്ടെങ്കിലും മോഷ്ടാവ് ഇത് വരെ ക്യാമറയിൽ കുടുങ്ങിയിട്ടില്ല. സംഭവത്തിൽ പ്രാഥമിക അന്വേഷണം തുടങ്ങിയതായി പെരുന്പാവൂർ പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *