പേട്ട: തിരുവനന്തപുരം പേട്ട പൊലീസ് സ്റ്റേഷനു മുന്നിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ അഴിഞ്ഞാട്ടം. കടക്കാരനെ ആക്രമിച്ച കേസിൽ കസ്റ്റഡിലെടുത്ത ഡിവൈഎഫ്ഐ പ്രാദേശിക പ്രവർത്തകനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആറ്റുവരമ്പ് ബ്രാഞ്ച് സെക്രട്ടറി ആർ.എസ്.രതീഷിൻെറയും സംഘത്തിൻെറയും പൊലീസിന് നേരെയുള്ള ഭീഷണിയും ആക്രോശവും ഉയർന്നത്. പ്രതിയെ വിട്ടുകൊടുത്ത പൊലീസ് ജാമ്യം ലഭിക്കാവുന്ന വകുപ്പിട്ടാണ് സിപിഎം സെക്രട്ടറിക്കെതിരെ കേസെടുത്തിരിക്കുന്നത്.
വിമാനത്താവളത്തിന് സമീപം കട നടത്തുന്നയാളെ മർദ്ദിച്ചതിനാണ് ഇന്നലെ വൈകുന്നേരം ഡിവൈഎഫ്ഐ ലോക്കൽ കമ്മിറ്റി അംഗം ഉണ്ണികൃഷ്ണനെ പേട്ട പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നാലെ ബ്രാഞ്ച് സെക്രട്ടറി രതീഷും സിപിഎം പ്രവർത്തകരും പൊലീസ് സ്റ്റേഷനിലെത്തി. സ്റ്റേഷനിലേക്ക് തള്ളികയറാൻ ശ്രമിച്ചപ്പോള്‍ പൊലീസുകാർ തടഞ്ഞു. മദ്യലഹരിയായിരുന്നു രതീഷെന്ന് പൊലീസ് പറയുന്നു. രതീഷിൻെറ ദൃശ്യങ്ങള്‍ ചിത്രീകരിക്കാൻ ശ്രമിച്ചപ്പോള്‍ ഇയാള്‍ കൂടുതൽ പ്രകോപിതനാക്കുകയുണ്ടായി.
പാർട്ടിക്കാർ പോയതിന് പിന്നാലെ ഉണ്ണികൃഷ്ണനെതിരെ കേസടുക്കാതെ വിട്ടയച്ചു. കടക്കാരന് കേസില്ലെന്നറിയാത്തതുകൊണ്ടാണ് വിട്ടയക്കുന്നതെന്നാണ് പേട്ട പൊലീസ് പറയുന്നത്. ദൃശ്യങ്ങള്‍ പരന്നതോടെ അസഭ്യം പറഞ്ഞതിന് ബ്രാഞ്ച് സെക്രട്ടറിക്കും സുഹൃത്തുക്കള്‍ക്കുമെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തി കേസെടുക്കുക മാത്രമാണ് ചെയ്തത്.