മറുനാടൻ തൊഴിലാളികൾ തമ്മിലുള്ള സംഘർഷം വടകരയിൽ ഒരാളുടെ മരണത്തിനിടയാക്കി. ബിഹാർ സ്വദേശി സിക്കന്ദർ കുമാറാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. വാക്കുതർക്കത്തെ തുടർന്ന് രണ്ട് തൊഴിലാളികൾ വടകര ജെടി റോഡിൽ താമസിക്കുന്ന വീടിന്റെ ഇരുനില കെട്ടിടത്തിൽ നിന്ന് വീണു. പരിക്കേറ്റവരെ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും സിക്കന്ദറിന്റെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ രണ്ടാമത്തെയാൾ ഇപ്പോൾ ചികിത്സയിലാണ്. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടതായാണ് വിവരം. സംഭവത്തിൽ വടകര പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ മാർച്ചിൽ സമാനമായ സംഭവത്തിൽ മുപ്ലിയത്ത് മറുനാടൻ തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ വെട്ടേറ്റ് അഞ്ചുവയസ്സുകാരൻ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ ആസാം സ്വദേശികളായ ബാദൂർ ഇസ്‌ലാമിന്റെയും നജ്മയുടെയും മകൻ നജീറുൾ ഇസ്‌ലാമാണ് മരിച്ചത്. നജ്മയ്ക്കും മറ്റൊരു തൊഴിലാളിയായ സിറാജ് ഇസ്ലാമിനും വെട്ടേറ്റു. കമ്പനിയുടമ നൽകിയ ചക്ക കഴിക്കുന്നതിനിടെ വാക്ക് തർക്കമുണ്ടായതാണ് സംഘർഷത്തിൽ കലാശിച്ചത്. കഴുത്തിൽ വെട്ടേറ്റ കുട്ടിയെ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ച നജിമയ്ക്കും സിറാജ് ഇസ്ലാമിനും വെട്ടേറ്റു.