രാജ്‌കോട്ട്: വയോധികയായ മാതാവിനെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി. ദീര്‍ഘകാലമായി അസുഖ ബാധിതയായ എണ്‍പതുകാരിയായ അമ്മയെ കൊലപ്പെടുത്തിയ ശേഷമാണ് മകൻ ആത്മഹത്യ ചെയ്‌തത്. അതേസമയം ഈ ക്രൂരകൃത്യം നടത്തിയ ശേഷം സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ട വീഡിയോയില്‍ ഇയാള്‍ ബന്ധുക്കളോട് മാപ്പ് അപേക്ഷിക്കുകയും ചെയ്തിരുന്നു.
രാജ്‌കോട്ടിലെ കോത്താരി പ്രദേശത്തുള്ള ഘന്‍ശ്യാം നഗരത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സിക്കന്ദര്‍ ലിങ്‌ഡിയ എന്നയാളുടെ മാതാവ് ആമിനബെന്‍ ലിങ്‌ഡിയ ദീര്‍ഘകാലമായി രോഗത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു. അസുഖത്തെ തുടര്‍ന്നുള്ള അമ്മയുടെ സ്ഥിതിയില്‍ സിക്കന്ദര്‍ ഏറെ അസ്വസ്ഥനായിരുന്നു.
അമ്മയെ തുടര്‍ന്നും അസുഖത്തിന് വിട്ടുകൊടുത്ത് ബുദ്ധിമുട്ടിക്കരുതെന്ന് ചിന്തിച്ച് ഇയാള്‍ ആമിനബെന്‍ ലിങ്‌ഡിയയ്‌ക്ക് വിഷം നല്‍കി കൊലപ്പെടുത്തുകയായിരുന്നു.വിഷം ഉള്ളില്‍ ചെന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്‌ചയാണ് ഇവര്‍ മരിക്കുന്നത്. തൊട്ടുപിന്നാലെ അമ്മയില്ലാതെ മുന്നോട്ടുപോവാനാവില്ലെന്ന് തിരിച്ചറിഞ്ഞ് ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ആത്മഹത്യചെയ്യുന്നതിന് മുമ്പ് ഇയാള്‍ ഒരു വീഡിയോയും സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു.