വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം; ഓട്ടോ ഡ്രൈവർക്ക് കഠിന തടവ്

പട്ടാമ്പി: 15-കാരിയായ സ്കൂൾ വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ഓട്ടോ ഡ്രൈവർക്ക് ആറു വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. പിഴ സംഖ്യ ലൈംഗികാതിക്രമത്തിന് ഇരയായ വിദ്യാർഥിനിക്ക് നൽകാനും ഉത്തരവിട്ടു. കുലുക്കല്ലൂർ തത്തനംപുള്ളി പാറക്കാട്ട് കുന്നിന്മേൽ മോഹൻദാസ് എന്ന 48-കാരനെയാണ് പട്ടാമ്പി അതിവേഗ കോടതി ജഡ്ജി സതീഷ് കുമാർ ശിക്ഷിച്ചത്. 2021ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂൾ വിട്ട് വരികയായിരുന്ന കുട്ടിയെ വീട്ടിനടുത്ത് ഇറക്കാമെന്ന് പറഞ്ഞ് ഓട്ടോയിൽ കയറ്റുകയായിരുന്നു.

തുടർന്ന് ഓട്ടോയിൽവെച്ച് ഇയാൾ ലൈംഗികമായി ഉപദ്രവിച്ചു. ഇറങ്ങിയോടി അടുത്ത വീട്ടിൽ അഭയം പ്രാപിച്ച കുട്ടിയെ ആ വീട്ടുകാരാണ് സ്വന്തം വീട്ടിലെത്തിച്ചത്. പട്ടാമ്പി പൊലീസ്‌ രജിസ്റ്റർ ചെയ്ത് ചെർപ്പുളശ്ശേരി സ്റ്റേഷനിലേക്ക് കൈമാറിയ കേസിൽ ചെർപ്പുളശ്ശേരി എസ്.എച്ച്.ഒ സുജിത്ത്, സബ് ഇൻസ്‌പെക്ടർമാരായ അബ്ദുൽ സലാം, അരുൺകുമാർ എന്നിവരാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. എസ്. നിഷ വിജയകുമാർ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *