ട്രെയിൻ ആക്രമണം; ഭീകരവാദ, മാവോയിസ്റ്റ് സാധ്യതയും പോലീസ് പരിശോധിക്കുന്നു

കോഴിക്കോട്: ട്രെയിനിൽ പെട്രോൾ ഒഴിച്ച് തീയിട്ട അക്രമത്തിന് പിന്നില്‍ ഭീകരവാദ, മാവോയിസ്റ്റ് സാധ്യതയും പോലീസ് പരിശോധിക്കുന്നു. പ്രാഥമിക ഘട്ടത്തില്‍ ഇതുമായി ബന്ധപ്പെട്ട് സൂചനകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും അക്രമരീതിയും അതിന് പിന്നിലെ ആസൂത്രണവും ഇതിലെ സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. അക്രമി യുപി സ്വദേശിയാണെന്നും സംശയിക്കുന്നുണ്ട്. കേസന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കുമെന്നാണ് അറിയുന്നത്. അതേസമയം അക്രമി ഉപേക്ഷിച്ചുപോയ ബാഗ് പരിശോധിച്ചതില്‍ നിന്നും അക്രമിയെ കുറിച്ചുള്ള സൂചനകളൊന്നും നിലവില്‍ ലഭിച്ചിട്ടില്ല. ഇത്ര കൃത്യമായി അക്രമം നടത്തിയ പ്രതി ബാഗ് ഉപേക്ഷിച്ചുപോകാനുള്ള സാധ്യത വിരളമാണെന്നാണ് പോലീസ് പറയുന്നത്. ബാഗില്‍ നിന്നും ലഘുലേഖകള്‍ കണ്ടെടുത്തു. ബാഗ് ഉപേക്ഷിച്ച് പോയത് കേസ് വഴിതിരിച്ചുവിടാനുള്ള ശ്രമത്തിന്‍റെ ഭാഗമാണോ എന്ന കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *