പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി പ്ലാസ്റ്റിക് കവറിൽ നിറച്ച് ഉപേക്ഷിച്ചു; 20 കാരൻ അറസ്റ്റിൽ

ഉദയ്പൂർ: രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉദയ്പൂർ സ്വദേശിയായ കമലേഷ് ആണ് പിടിയിലായിരിക്കുന്നത്. അയല്‍വാസിയായ ഒന്‍പതുവയസുകാരിയായ പെണ്‍കുട്ടിയെ ആണ് പ്രതി ക്രൂരമായി കൊലപ്പെടുത്തിയത്. മാര്‍ച്ച് 29ന് കമലേഷിന്‍റെ അയല്‍വാസിയായ പെണ്‍കുട്ടിയെ കാണാതായത്. തുടര്‍ന്ന് വീട്ടുകാരുടെ പരാതിയില്‍ മിസ്സിംഗ് കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു.

ഇതിനിടെ ശനിയാഴ്ചയോടെയാണ് മാവ്‍ലി പ്രദേശത്തെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ നിന്നും പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെത്തുന്നത്. ശനിയാഴ്ച രാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ നിന്നും ദുർഗന്ധം വമിക്കുന്നതായി പ്രദേശവാസികള്‍ പരാതിപ്പെട്ടിരുന്നു. ഇക്കാര്യം പരിശോധിക്കാനെത്തിയപ്പോഴാണ് പൊലീസ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കഷ്ണങ്ങളായി മുറിച്ച് പ്ലാസ്റ്റിക് കവറില്‍ നിറച്ച നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

 

പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് 20 കാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പ്ലാസ്റ്റിക് കവറുകളുമായി നടന്ന് പോകുന്ന ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. കമലേഷിന്‍റെ തൊട്ടടുത്ത വീട്ടിലാണ് കൊല്ലപ്പെട്ട പെണ്‍കുട്ടിയും താമസിച്ചിരുന്നത്. കൊലപാതകത്തിന് കാരണം വ്യക്തമല്ലെന്നും പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് പറഞ്ഞു.

കൊലപാതകത്തിന് ശേഷം മൂര്‍ച്ചയുള്ള ആയുധം കൊണ്ട് മൃതദേഹം വെട്ടിമുറിച്ച് പ്ലാസ്റ്റിക് കവറിലാക്കുകയായിരുന്നുവെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. അതേസമയം കൊലപാതകത്തിന് മുമ്പ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്നതടക്കം പരിശോധിച്ച് വരികയാണെന്നും മറ്റാരെങ്കിലും കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതും അന്വേഷിച്ച് വരികയാണെന്നും പൊലീസ് സൂപ്രണ്ട് വികാസ് ശർമ്മ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *