പരിപാ‌ടിക്കിടെ ഉയർന്ന ശബ്ദത്തിൽ പാട്ട് വച്ചതിനെ എതിർത്ത സ്ത്രീയെ യുവാവ് വെടിവച്ചു

ദില്ലി: വീട്ടിൽ ന‌ടന്ന പരിപാ‌ടിക്കിടെ ഉയർന്ന ശബ്ദത്തിൽ പാട്ട് വച്ചതിനെ എതിർത്ത സ്ത്രീയെ യുവാവ് വെടിവച്ചു. വടക്കുപടിഞ്ഞാറൻ ദില്ലിയിലെ സിറാസ്പൂരിലാണ് ഞെട്ടിക്കുന്ന സംഭവം. വെടിയുതിർത്ത ഹരീഷ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. ഇയാളുടെ സുഹൃത്ത് അമിതിന്റേതാണ് തോക്ക്. അമിതിനെയും പോലീസ് അറസ്റ്റ് ചെയ്തു.

അർധരാത്രി 12.15ന് കൺട്രോൾ റൂമിൽ വിവരം ലഭിച്ചതിനെത്തുടർന്നാണ് സ്ഥലത്തെത്തിയതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് എത്തി‌പ്പോഴേക്കും, വെടിയേറ്റ രഞ്ജുവിനെ ഷാലിമാർ ബാ​ഗിലുള്ള മാക്സ് ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. കഴുത്തിനാണ് വെടിയേറ്റത്. മൊഴി നൽകാൻ പോലും കഴിയാത്തത്ര മോശം ആരോ​ഗ്യാവസ്ഥയിലായിരുന്നു അവരെന്നും പൊലീസ് പറഞ്ഞു. പിന്നീട് ദൃക്സാക്ഷിയായ മറ്റൊരു സ്ത്രീ‌യുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തി‌യത്. ഇവർ മരിച്ച സ്ത്രീയുടെ ബന്ധുവാണ്.

ഹരീഷിന്റെ വീട്ടിൽ നടന്ന പരിപാടിക്കിടെ ഡിജെ ഉയർന്ന ശബ്ദത്തിൽ സം​ഗീതം വച്ചതാണ് ദുരന്തത്തിൽ കലാശിച്ചതെന്നാണ് ദൃക്സാക്ഷിയുടെ മൊഴിയിൽ പറയുന്നു. അയൽവീട്ടിലെ താമസക്കാരി‌യായിരുന്നു രഞ്ജു. ശബ്ദം അസഹനീ‌യമായതോ‌ടെ വീടിന്റെ ബാൽക്കണിയിലെത്തി സം​ഗീതം നിർത്താൻ രഞ്ജു ആവശ്യപ്പെട്ടു. പ്രകോപിതനായ ഹരീഷ് സുഹൃത്ത് അമിതിന്റെ തോക്കെടുത്ത് ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. കൊലപാതകശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ഹരീഷിനും അമിതിനുമെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ലൈസൻസില്ലാത്ത തോക്ക് കൈവശം വച്ചതിനും കേസ് എടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *