തിരുവനന്തപുരം: സിഡ്കോ ടെലികോം സിറ്റി പദ്ധതിയിലെ സ്വത്തുക്കൾ ഇ ഡി കണ്ടുകെട്ടി. 5.24 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയിരിക്കുന്നത്. സിഡ്കോയുടെ മണൽവാരൽ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് നടപടി എടുത്തിരിക്കുന്നത്. തിരുവനന്തപുരം മേനാംകുളം മണൽ വാരൽ അഴിമതിയിൽ 11 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് കണ്ടെത്തിയിരുന്നു. കേസിൽ സിഡ്കോ മുൻ എംഡി സജി ബഷീറിനെയും കുടുംബത്തെയും ഇഡി ചോദ്യം ചെയ്തിരുന്നു
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചിയിലെ ഓഫീസിൽ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്. സജി ബഷീർ, ഭാര്യ അനുഷ, അമ്മ ലിസ എന്നിവരെയാണ് ചോദ്യം ചെയ്തത്. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടാനാണ് ചോദ്യം ചെയ്യലെന്നാണ് വിവരം. രാവിലെ പതിനൊന്നരക്കാണ് ചോദ്യം ചെയ്യൽ നടപടികൾ തുടങ്ങിയത്. വൈകീട്ട് അഞ്ചരയോടെയാണ് ചോദ്യം ചെയ്യൽ നടപടികൾ പൂർത്തിയായത്.