ജാംനഗര്‍: ഇന്ത്യയുടെ ഇതിഹാസ ക്രിക്കറ്റ് ഓള്‍റൗണ്ടര്‍ സലിം ദുറാനി അന്തരിച്ചു. 88 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് രാവിലെ ഗുജറാത്ത് ജാംനഗറിലെ വസതിയിലായിരുന്നു അന്ത്യം. ക്രിക്കറ്റിലെ പ്രഥമ അര്‍ജുന അവാര്‍ഡ് ജേതാവാണ് സലിം ദുറാനി. പത്താന്‍ വംശജരായ അഫ്ഗാന്‍ ദമ്പതികളുടെ മകനായി ജനിച്ച ദുറാനി ഗുജറാത്തിനെതിരായ തന്റെ ആദ്യ രഞ്ജി ട്രോഫി മത്സരം മുതല്‍ മികവുറ്റ പ്രകടനങ്ങളാണ് നടത്തിയത്.
സൗരാഷ്ട്രര, രാജസ്ഥാന്‍, ഗുജറാത്ത് ടീമുകള്‍ക്കായി ദുറാനി രഞ്ജി ട്രോഫി കളിച്ചിട്ടുണ്ട്. രാജ്യത്തിനു വേണ്ടി 29 ടെസ്റ്റുകള്‍ കളിച്ച ദുറാനി 75 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 177 റണ്‍സ് വഴങ്ങി 10 വിക്കറ്റെടുത്തതാണ് മികച്ച ബൗളിങ് പ്രകടനം. 1202 റണ്‍സും ദുറാനി സ്വന്തം പേരില്‍ കുറിച്ചു. 1962ല്‍ വെസ്റ്റിന്‍ഡീസിനെതിരെ നേടിയ 104 ആണ് ടോപ് സ്‌കോര്‍.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 33.37 ആവറേജില്‍ 8,545 റണ്‍സും താരം നേടി. ഇതില്‍ 14 ശതകങ്ങള്‍ ഉള്‍പ്പെടും. 1961-62ല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പര വിജയത്തില്‍ ദുറാനിയുടെ ഓള്‍റൗണ്ട് പ്രകടനം നിര്‍ണായക പങ്കാണ് വഹിച്ചത്. 1960ല്‍ ആസ്‌ത്രേലിയക്കെതിരെ മുംബൈ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് ദുറാനി രാജ്യത്തിനായി ആദ്യമായി ടെസ്റ്റ് കുപ്പായമണിഞ്ഞത്. 1973ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു അവസാന മത്സരം. 1973ല്‍ ചരിത്ര എന്ന ബോളിവുഡ് സിനിമയില്‍ ദുറാനി വേഷമിടുകയും ചെയ്തു.