കൊൽക്കത്ത: ബി.ജെ.പിയുടെ നേതൃത്വത്തിൽ നടന്ന രാമനവമി ഘോഷയാത്രക്കിടെ പശ്ചിമ ബംഗാളിൽ വീണ്ടും സംഘർഷമുണ്ടായി. കഴിഞ്ഞ ദിവസം ഹൗറയിൽ ഉണ്ടായ സംഘർഷത്തിന് പിന്നാലെയാണ് ഇവിടെ നിന്നും 40 കിലോമീറ്റർ അകലെ ഹൂഗ്ലിയിലും സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് ദിലീപ് ഘോഷിന്റെ നേതൃത്വത്തിലായിരുന്നു ഘോഷയാത്ര നടത്തിയത്. ഇതിനിടെ ഘോഷയാത്രക്ക് നേരെ വ്യാപക കല്ലേറുണ്ടാവുകയായിരുന്നു എന്നാണ് റിപ്പോർട്ട്. സംഘർഷത്തിൽ ബി.ജെ.പി എം.എൽ.എ ബിമൻ ഘോഷിന് പരിക്കേൽക്കുകയും ചെയ്തു.