കോഴിക്കോട്: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സ്ത്രീകളെ ലൈംഗിക ചൂഷണത്തിനിരയാക്കുകയും, ആഭരണവും പണവും തട്ടുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. വയനാട് തരുവണ സ്വദേശി ഉമറൂല്‍ മുക്താര്‍(23) ആണ് പിടിയിലായത്. ഇന്‍സ്റ്റഗ്രാമിലൂടെ കൊടുവള്ളി സ്വദേശിനിയായ യുവതിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി സ്വർണാഭരണം തട്ടിയെടുത്തു മുങ്ങുകയായിരുന്നു. യുവതി നൽകിയ പരാതിയെ തുടര്‍ന്ന് കൊടുവള്ളിയിലെ പ്രത്യേക അന്വേഷണ സംഘം ഇയാളെ കണ്ടെത്തി പിടികൂടുകയായിരുന്നു.
സ്ത്രീയുമായി സൗഹൃദത്തിലായ ഇയാള്‍ പ്രണയം നടിച്ച് വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചാണ് ആഭരണം തട്ടിയത്. ആഭരണം കൈക്കലാക്കിയ ശേഷം ഇയാള്‍ മുങ്ങുകയായിരുന്നു. ഇതേ സമയം സമാനമായ രീതിയില്‍ കുറ്റകൃത്യം നടത്തുന്ന ആളുകളെ കേന്ദ്രീകരിച്ച് കൊടുവള്ളി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം നടത്തിയ പഴുതടച്ച നീക്കത്തിലാണ് പ്രതി പിടിയിലായത്.
മുന്‍പും കേരളിത്തിന്റെ പല ഭാഗത്തും ഇയാള്‍ ഇത്തരത്തില്‍ സ്ത്രീകളെ കബളിപ്പിച്ച് മുങ്ങിയിട്ടുണ്ടെന്നും പലരും പരാതി നല്‍കാതെ ഇരുന്നതാണെന്നും പോലീസ് വ്യക്തമാക്കി.താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് കൊടുവള്ളി ഇന്‍സ്‌പെക്ടര്‍ പി. ചന്ദ്രമോഹന്‍ പറഞ്ഞു.