കാഞ്ഞിരപ്പള്ളി: പാചകവാതക ചോർച്ചയെ തുടർന്ന് അടുക്കളയിൽ തീപടർന്നുപിടിച്ച് ഗൃഹനാഥന് ഗുരുതര പൊള്ളലേറ്റു. പൊടിമറ്റം വാതല്ലൂർ മാത്തുക്കുട്ടിക്കാണ് (57) പൊള്ളലേറ്റത്. ശനിയാഴ്ച പുലർച്ച മൂന്നോടെയാണ് അപകടമുണ്ടായത്. ജനൽചില്ലുകൾ പൊട്ടിച്ചിതറുന്ന ശബ്ദവും തീയും കണ്ട് സ്ഥലത്തെത്തിയ അയൽവാസികൾ പൊലീസിലും അഗ്നിരക്ഷാസേനയിലും വിവരമറിയിക്കുകയായിരുന്നു. ഇവർ സ്ഥലത്തെത്തി മാത്തുക്കുട്ടിയെ താലൂക്ക് ജനറൽ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സ നൽകിയശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മാത്തുക്കുട്ടിയുടെ ഭാര്യയും മക്കളും വിദേശത്താണ്. അടുക്കള ഉപകരണങ്ങളും ജനലുകളും വാതിലുകളും കത്തിനശിച്ച നിലയിലാണ്.