ബോക്സിങ് മത്സരത്തിനിടെയുണ്ടായ അപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

ലണ്ടന്‍: ബോക്സിങ് മത്സരത്തിനിടെയുണ്ടായ അപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു. യു.കെിലെ നോട്ടിങ്‍ഹാമില്‍ ക്യാന്‍സര്‍ രോഗികളെ സഹായിക്കുന്നതിനു വേണ്ടി പണം സ്വരൂപിക്കുന്നതിനായി സംഘടിപ്പിച്ച മത്സരത്തിനിടെയായിരുന്നു സംഭവം. കോട്ടയം വടവാതൂര്‍ കണ്ടംചിറയില്‍ റെജി കുര്യന്‍ – സൂസന്‍ റെജി ദമ്പതികളുടെ മകന്‍ ജുബല്‍ റെജി കുര്യന്‍ (23) ആണ് മരിച്ചത്.

ഫിസിയോതെറാപ്പിയില്‍ ബിരുദം നേടിയ ശേഷം നോട്ടിങ്ഹാം ട്രെന്‍ഡ് യൂണിവേഴ്‍സിറ്റിയില്‍ സ്‍പോര്‍ട്സ് ആന്റ് എക്സര്‍സൈസ് മെഡിസിനില്‍ ബിരുദാനന്തര ബിരുദ പഠനം നടത്തുകയായിരുന്നു ജുബല്‍. നോട്ടിങ്‍ഹാമിലെ ഹാര്‍വി ഹാഡന്‍ സ്‍പോര്‍ട്സ് വില്ലേജില്‍ മാര്‍ച്ച് 25ന് നടന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കായിക മത്സരങ്ങള്‍ക്കിടെയാണ് ജുബലിന് പരിക്കേറ്റത്. മത്സരത്തിനിടെ റിങില്‍ തലയിടിച്ചു വീഴുകയായിരുന്നു. തുടര്‍ന്ന് മത്സരങ്ങള്‍ നിര്‍ത്തിവെച്ചു. നോട്ടിങ്ഹാം യൂണിവേഴ്സിറ്റി ഹോസ്‍പിറ്റലില്‍ ചികിത്സയില്‍ കഴിഞ്ഞുവരവെ മസ്‍തിഷ്‍ക മരണം സ്ഥിരീകരിച്ചു. തുടര്‍ന്ന് ജുബലിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചു.

 

കോട്ടയം വടവാതൂര്‍ സ്വദേശികളായ ജുബലിന്റെ മാതാപിതാക്കള്‍ അബുദാബിയിലാണ് താമസിക്കുന്നത്. ഇവര്‍ അവിടെ നിന്ന് നോട്ടിങ്ഹാം ആശുപത്രിയില്‍ എത്തിയിരുന്നു. മറ്റ് ബന്ധുക്കളും സുഹൃത്തുക്കളും ആശുപത്രിയിലെത്തി. യുകെയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം മൃതദേഹം കോട്ടയം വടവാതൂര്‍ ഗുഡ് എര്‍ത്ത് വില്ലയിലുള്ള വീട്ടില്‍ എത്തിക്കും. തുടര്‍ന്ന് കോട്ടയം മാര്‍ ഏലിയാ കത്തീഡ്രലിലെ സെന്റ് ലാസറസ് സെമിത്തേരിയില്‍ സംസ്‍കരിക്കും. ജുബലിന്റെ പിതാ് റെജി കുര്യന്‍ അബുദാബി തുറമുഖ വകുപ്പിലെ ഉദ്യോഗസ്ഥനാണ്. സ്‍റ്റേസി മിര്യാം കുര്യന്‍, ജബല്‍ റെജി കുര്യന്‍ എന്നിവരാണ് സഹോദരങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *