ഭാര്യയുടെ അമ്മയെ കോടാലി കൊണ്ട് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പിടികൂടിയത് പിടികൂടിയത് കൃത്യമായ കണക്കുകൂട്ടലിൽ

ഇടുക്കി: വാത്തിക്കുടിയിൽ കുടുംബ വഴക്കിനിടെ ഭാര്യയുടെ അമ്മയെ കോടാലി കൊണ്ട് അടിച്ച് കൊന്ന കേസിലെ പ്രതിയായ സുധിഷിനെ പിടികൂടിയത് പൊലീസിന്‍റെ കൃത്യമായ കണക്കുകൂട്ടലിൽ. കോടാലികൊണ്ട് ഭാര്യയുടെ അമ്മയെയും അച്ഛനെയും വെട്ടിപരിക്കേൽപ്പിച്ച ശേഷം സുധിഷ് ഷർട്ട് പോലുമില്ലാതെയാണ് സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയുണ്ടായത്. പിന്നാലെ അമ്മായിയമ്മ രാജമ്മ മരണപ്പെട്ട വിവരം അറിയുന്നു. ഇതോടെ ഷർട്ടില്ലാതെ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട മരുമകൻ സുധീഷ് മൊബൈൽ ഫോണും ഉപേക്ഷിച്ച് മുങ്ങി. ഷർട്ടിടാതെ രക്ഷപെട്ടതിനാൽ അധിക ദൂരം പോകില്ലെന്ന് പൊലീസിന് ഉറപ്പുണ്ടായിരുന്നു. അതിനാൽ ഇയാളുടെ പണിക്കൻ കുടിയിലെ വീടും ബന്ധുവീടുകളും പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയും പൊലീസ് സ്ഥലത്ത് കർശന പരിശോധനയും നടത്തി. ഇതിനൊടുവിലാണ് ഒളിവിലിരുന്ന സുധീഷ് പൊലീസിന്‍റെ പിടിയിലായത്.

 

സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോൾ സുധീഷ് കുറ്റം സമ്മതിക്കുകയുണ്ടായി. പതിനൊന്നു മണിയോടെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതകം നടന്ന വാത്തിക്കുടിയിലെ ഭാര്യ വീട്ടിൽ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇടുക്കി ഡി വൈ എസ് പി ബിനു ശ്രീധറിന്‍റെ നേതൃത്വത്തിലായിരുന്നു വീട്ടിലെ തെളിവെടുപ്പ്. കൊലപാതകത്തിന് ഉപയോഗിച്ച കോടാലി കട്ടിലിനടിയിൽ നിന്നും പ്രതി കാണിച്ചുകൊടുത്തു. കുടുംബ വഴക്കിനിടെയാണ് ഭാര്യാ മാതാവിനെ ഇയാൾ ഇന്നലെ കൊലപ്പെടുത്തിയത്.

വിരലടയാള വിദഗ്ദ്ധരും ഫോറൻസിക് സംഘവുമെത്തി തെളിവുകൾ ശേഖരിച്ചു. രാജമ്മയുടെ ഭർത്താവ് ഭാസ്കരനും ആക്രമണത്തിൽ കാര്യമായി പരുക്കേറ്റിരുന്നു. മദ്യപിച്ച് എത്തിയാണ് സുധീഷ് ആക്രമണം നടത്തിയത്. കോടാലി കൊണ്ടുള്ള വെട്ടേറ്റ് രാജമ്മ സംഭവ സ്ഥലത്തു തന്നെ മരിച്ചു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാസ്കരന്‍റെ നില ഗുരുതരമായി തുടരുകയാണ്. സുധീഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *