ദില്ലി : രാമനവമി ദിനാഘോഷത്തിന് പിന്നാലെയുള്ള സംഘർഷങ്ങളിൽ ബിഹാറില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സംഘര്‍ഷം രൂക്ഷമായ നളന്ദയിലെ ബിഹാര്‍ ഷരീഫില്‍ കഴിഞ്ഞ രാത്രി ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഒരാള്‍ മരണപ്പെട്ടത്. നിരവധി പേര്‍ക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. മൂന്ന് ദിവസമായി ബിഹാറില്‍ പലയിടങ്ങളിലും ആക്രമണങ്ങൾ നടക്കുകയാണ്.
സസാരാമിൽ ഇന്നലെയുണ്ടായ സ്ഫോടനത്തിൽ കേന്ദ്രം ബീഹാർ സർക്കാരിനോട് റിപ്പോർട്ട് തേടുകയുണ്ടായി. ഇന്നലെ രാത്രിയോടെയാണ് സംഘർഷം രൂക്ഷമായ പ്രദേശത്ത് ബോബ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ പരിക്കേറ്റ ആറ് പേര്‍ ചികിത്സയില്‍ തുടരുകയാണ്. എന്നാൽ സംഘർഷവുമായി സ്ഫോടനത്തിന് ബന്ധമില്ലെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. 1200 പൊലീസുകാരെ ഇവിടെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. നിരോധനാജ്ഞ നില നിന്നിട്ടും സ്ഫോടനമുണ്ടായതിനെ ഏറെ ഗൗരവത്തോടെയാണ് കേന്ദ്രം കാണുന്നത്. ബിഹാർ ഗവർണറുമായി കേന്ദ്രമന്ത്രി അമിത് ഷാ സംസാരിച്ചു. സംസ്ഥാനത്തേക്ക് പത്തു കമ്പനി കേന്ദ്രസേനയെ അയ്ക്കും. നിലവിലെ സാഹചര്യം കണക്കിലെടുത്ത് അമിത്ഷായുടെ സസരാമിലെ പരിപാടി റദ്ദാക്കിയിരുന്നു. എന്നാല്‍ നവാഡയിലെ പൊതു പരിപാടിയില്‍ അമിത് ഷാ പങ്കെടുക്കും. സംഘർഷവുമായി ബന്ധപ്പെട്ട് ഇതിനോടകം എൺപത് പേരാണ് ബിഹാറിൽ അറസ്റ്റിലായത്.