സംസ്ഥാനത്ത് ഇന്ധന സെസ് ഏർപ്പെടുത്തുന്നത് രാജ്യത്തെ ചലിപ്പിക്കാൻ; ഇ.പി. ജയരാജൻ

 

സംസ്ഥാനത്ത് ഇന്ധന സെസ് ഏർപ്പെടുത്തുന്നത് രാജ്യത്തെ ചലിപ്പിക്കാനാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. അവശജനങ്ങൾക്കുള്ള സഹായത്തിനുള്ള ഫണ്ടിലേക്കാണ് സെസ് തുക പോകുന്നത്. സെസ് ഈടാക്കുന്നത് രാജ്യത്തെ ചലിപ്പിക്കാനാണ്. ഇടതുപക്ഷത്തിന്റെ വിശാല കാഴ്ചപ്പാടാണിതെന്നും ജയരാജൻ പറഞ്ഞു.

62 ലക്ഷം പേർക്ക്‌ 1600 രൂപ വീതം നൽകുന്ന ഫണ്ടിലേക്കാണ് സെസ് തുക പോകുന്നത്. ഈ 1600 രൂപയാണ് വിവിധ മേഖലകളിലേക്ക് എത്തുന്നത്. കോൺഗ്രസിന് രാജ്യത്തെ കുറിച്ചും ജനങ്ങളെ കുറിച്ചും അറിയില്ല. അവർ സ്വർഗത്തിലാണ് ജീവിക്കുന്നത്. രണ്ട് രൂപയ്ക്ക് വേണ്ടി കടിപിടി കൂടുന്നവർ കേന്ദ്രത്തെ കുറിച്ച് മിണ്ടുന്നില്ലെന്നും ജയരാജൻ പറഞ്ഞു.

ഇന്ധന സെസ്​ ജനങ്ങൾക്ക്​ വേണ്ടിയാണെന്നും വ്യക്തിതാൽപര്യമില്ലെന്നും മന്ത്രി കെ.എൻ. ബാലഗോപാലും നേരത്തേ പറഞ്ഞിരുന്നു. സെസ്​ ഏർപ്പെടുത്തിയ സാഹചര്യം എല്ലാവരും നോക്കണം. 2015ൽ യു.ഡി.എഫ്​ സെസ്​ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം​ പറഞ്ഞു.

സംസ്ഥാനത്തിന്‍റെ ഗുണത്തിന്​ ഒരുപാട്​ കാര്യങ്ങൾ ചെയ്യുന്നുണ്ട്​. സാമൂഹിക ക്ഷേമ പെൻഷൻ 60 ലക്ഷത്തോളം പേർക്ക്​ നൽകണം. നാട്ടിലെ എല്ലാവരും സഹകരിക്കണമെന്ന്​ പരസ്യമായി പറഞ്ഞിട്ടാണ്​ ​ഇന്ധന സെസ്​ ഏർപ്പെടുത്തിയത്​. 20 ലേറെ രൂപ കേന്ദ്രം ഒരു ലിറ്റർ പെട്രോളിന്​ വാങ്ങുന്നു. ഗ്യാസ്​ സബ്​സിഡി നൽകുന്നില്ല. ഒരു രൂപ ഇന്ധന സെസ്​ 2015-16 ലെ ബജറ്റിൽ ഉണ്ടായി. അന്ന്​ അരിക്ക്​ ഒരു ശതമാനവും ആട്ട, മൈദ തുടങ്ങിയവക്ക്​​ അഞ്ച്​ ശതമാനവും നികുതിയും ഏർപ്പെടുത്തിയിരുന്നു. സർക്കാറിന്‍റെയും കൈകാര്യം ചെയ്യുന്നവരുടെയും ഉദ്ദേശ്യശുദ്ധി മനസ്സിലാക്കണം. നിയമസഭയിൽ തന്നെ​ ഇതെല്ലാം പറഞ്ഞിട്ടുണ്ട്​. അതിന്​ ഇത്രയും അക്രമണം ഏറ്റുവാങ്ങേണ്ടതു​ണ്ടോ എന്ന്​ മാധ്യമങ്ങൾ ആലോചിച്ചാൽ മതിയെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന ബജറ്റിലെ സെസ് പ്രഖ്യാപനം ഇന്നു മുതലാണ് പ്രാബല്യത്തിൽ വന്നത്. പെട്രോളിനും ഡീസലിനും ലിറ്ററിന് ഇന്ന് മുതൽ 2 രൂപ അധികം നൽകണം. ക്ഷേമ പെൻഷനുകൾ നൽകാൻ പണം കണ്ടെത്താനായി ബജറ്റിൽ പ്രഖ്യാപിച്ച 2 രൂപ സെസാണ് നിലവിൽ വന്നത്. സാമൂഹ്യസുരക്ഷാ ഫണ്ടിലേക്കുള്ള വിഹിതമായാണ് ഇന്ധന സെസ് പിരിക്കുന്നത് എന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇത് പ്രകാരം സംസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന് 107.5 രൂപയും ഒരു ലിറ്റര്‍ ഡീസലിന് 96.53 രൂപയും ആയി വര്‍ധിക്കും.

Leave a Reply

Your email address will not be published. Required fields are marked *