വ്യാജരേഖകൾ ഹാജരാക്കി മത്സരിച്ചു, എ. രാജക്കെതിരെ ജാമ്യമില്ല കുറ്റംചുമത്തി കേസെടുക്കണം; കെ. സുധാകരന്‍

തിരുവനന്തപുരം: വ്യാജരേഖകള്‍ ഹാജരാക്കി ദേവികുളത്ത് മത്സരിച്ച കുറ്റത്തിന് എ. രാജക്കെതിരെ ജാമ്യമില്ല കുറ്റംചുമത്തി ക്രിമിനല്‍ കേസെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. രാജ നടത്തിയ ക്രിമിനല്‍ കുറ്റകൃത്യത്തിന് എല്ലാ ഒത്താശയും നല്‍കിയത് സി.പി.എം ആണ്. ഇതിന് കൂട്ടുനിന്ന എല്ലാവര്‍ക്കുമെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് രാജക്ക്​ സര്‍ക്കാറിന്റെ സഹായവും ലഭിച്ചിട്ടുണ്ട്. ഏത് വളഞ്ഞ വഴിയിലൂടെയും അധികാരം നിലനിര്‍ത്താന്‍ എന്തുനെറികേടും നടത്താന്‍ മടിക്കാത്ത വംശമാണ് സി.പി.എമ്മുകാര്‍. ചെയ്ത കുറ്റം ഏറ്റുപറഞ്ഞ് വോട്ടര്‍മാരോട് മാപ്പുപറയാനുള്ള മാന്യതപോലും സി.പി.എമ്മും രാജയും ഇതുവരെ കാട്ടിയില്ല.

രാജക്ക് മേല്‍ നടപടി സ്വീകരിക്കാതെ നിയമത്തിന്റെ പഴുതുപയോഗിച്ച് സംരക്ഷണം നല്‍കുന്നത് നീതിന്യായ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്. ദേവികുളത്ത് ഉപതെരഞ്ഞെടുപ്പിന് ആവശ്യമായ നടപടികള്‍ തെരഞ്ഞെടുപ്പ് കമീഷന്‍ സ്വീകരിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *