ഗര്‍ഭിണി ജീവനൊടുക്കിയ സംഭവം; ഭർത്താവ് പിടിയിൽ

കോഴിക്കോട്: തൊട്ടില്‍പ്പാലത്തെ ദേവര്‍കോവില്‍ കരിക്കാടന്‍പൊയിലില്‍ ഗര്‍ഭിണിയായ യുവതി ജീവനൊടുക്കി‍യ സംഭവത്തില്‍ ഭര്‍ത്താവ് ജംഷിദിനെ പൊലീസ് അറസ്റ്റ് ചെയ്തു. നാദാപുരം ഡി.വൈ.എസ്.പി. വി.വി. ലതീഷിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പുത്തന്‍പുരയില്‍ അസ്മിനയാണ് ദുരൂഹ സാഹചര്യത്തില്‍ ഭര്‍തൃവീട്ടില്‍ മരിച്ചത്.

ഐ.പി.സി.498 എ ഗാര്‍ഹിക പീഢനം, 306 ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. നാദാപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കഴിഞ്ഞ മാര്‍ച്ച് 12നായിന്നു അസ്മിനയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. തുടക്കത്തില്‍ തൊട്ടില്‍പ്പാലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷിച്ചെങ്കിലും പിന്നീട് നാദാപുരം ഡി.വൈ.എസ്.പി അന്വേഷണ ചുമതല ഏറ്റെടുക്കുകയായിരുന്നു.

കഴിഞ്ഞ ഏഴ് വര്‍ഷമായി അസ്മിന ഭര്‍തൃവീട്ടില്‍ പീഡനത്തിന് ഇരയായെന്ന തെളിവുകള്‍ പുറത്തു വന്നിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ ഇത് വലിയ ചര്‍ച്ചയായതോടെയാണ് കേസന്വേഷണം വേഗത്തിലായത്. കേസില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യതയുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. ഭര്‍തൃമാതാവും അസ്മിനയെ ബുദ്ധിമുട്ടിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. അസ്മിനയുടെ മരണവുമായി ബന്ധപ്പെട്ട് കേസില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *