തിരുവനന്തപുരത്ത് നിന്നും മഹാരാഷ്ട്രയിലെ നാഗ്പൂരിലേക്ക് നേരിട്ടുള്ള സർവീസുമായി പ്രമുഖ എയർലൈനായ ഇൻഡിഗോ. മുൻപ് തിരുവനന്തപുരം- നാഗ്പൂർ സെക്ടറിൽ യാത്ര ചെയ്യാൻ രണ്ട് വിമാനങ്ങളിൽ മാറിക്കയറേണ്ട ആവശ്യമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് നേരിട്ടുള്ള സർവീസ് ആരംഭിച്ചത്. 45 മിനിറ്റ് നേരം പൂനെയിൽ വിമാനം നിർത്തുമെങ്കിലും, യാത്രക്കാർക്ക് മാറിക്കയറേണ്ട ആവശ്യമില്ല. തിരുവനന്തപുരം വിമാനത്താവളത്തെ ആശ്രയിക്കുന്ന യാത്രക്കാരുടെ ശരാശരി എണ്ണം വർദ്ധിച്ച സാഹചര്യത്തിലാണ് പുതിയ നീക്കവുമായി ഇൻഡിഗോ എത്തിയത്. ഇന്ത്യയുടെ തെക്കേയറ്റം വരെയുള്ള ഓറഞ്ച് സിറ്റിയിലേക്കും തിരിച്ചുമുള്ള സഞ്ചാരികൾക്കും, സ്ഥിരം യാത്രക്കാർക്കുമാണ് ഈ സേവനം കൂടുതൽ പ്രയോജനപ്പെടുക. തിരുവനന്തപുരത്ത് നിന്നും പുലർച്ചെ 3.05- നാണ് ഇൻഡിഗോയുടെ 6ഇ-2447 എന്ന വിമാനം പുറപ്പെടുക. പൂനെ വഴി രാവിലെ 7 മണിക്ക് നാഗ്പൂരിൽ എത്തിച്ചേരുന്നതാണ്. തിരിച്ച് 6ഇ- 835 വിമാനം നാഗ്പൂരിൽ നിന്ന് ഉച്ചയ്ക്ക് 12.05 പുറപ്പെട്ടു വൈകിട്ട് 4.10- ന് തിരുവനന്തപുരത്ത് എത്തിച്ചേരും.