ലക്നൗ: ഉത്തർപ്രദേശിലെ ബന്ദയിൽ യുവാവ് അമ്മയെ ക്രൂരമായി കൊലപ്പെടുത്തി. നരേനി കൊട്വാലി മേഖലയില്‍ വ്യാഴാഴ്‌ച ഉണ്ടായ സംഭവത്തിൽ പ്രതി രാംബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. പ്രതിയുടെ ഇളയ സഹോദരൻ ശ്യാൻബാബു ആണ് സംഭവം പോലീസിൽ അറിയിച്ചത്. പൊലീസ് എത്തുമ്പോൾ പ്രതി മുറിക്കുള്ളിൽ രക്തം പുരണ്ട വടിയുമായി ഇരിക്കുകയായിരുന്നു. സമീപത്ത് തന്നെ അമ്മയെ മരിച്ച നിലയിലും കണ്ടെത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.
‘എന്‍റെ അമ്മയെ വാൾ കൊണ്ടായിരുന്നു കൊലപ്പെടുത്തേണ്ടിയിരുന്നത്. എന്നാൽ എനിക്ക് വാൾ കണ്ടെത്താൻ കഴിഞ്ഞില്ല. അതുകൊണ്ടാണ് വടി കൊണ്ട് മർദിച്ച് കൊലപ്പെടുത്തിയത്’ എന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ‘മഹാദേവൻ എന്‍റെ അടുത്ത് വന്ന് ഞാൻ നാഗേശ്വരന്‍റെ അവതാരമാണെന്ന് പറഞ്ഞു. ഈ ജന്മത്തിൽ എനിക്ക് ഒരു സ്‌ത്രീയെ കൊല്ലേണ്ടി വരുമെന്നും പറഞ്ഞു. അതുകൊണ്ടാണ് ഞാൻ അമ്മയെ കൊന്നത്’ എന്നും പ്രതി പൊലീസിനോട് പറഞ്ഞു.
അതേസമയം, പ്രതിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നതായി അയൽവാസികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.പ്രതിക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്ന് സർക്കിൾ ഓഫിസർ നിതിൻ കുമാർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടന്നു വരികയാണ്. നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.