തെഹ്റാൻ: പൊതുയിടങ്ങളിൽ ഹിജാബ് ധരിക്കാത്ത സ്ത്രീകളെ ഒരു കരുണയും കൂടാതെ ശിക്ഷിക്കുമെന്ന് ഇറാൻ ജുഡീഷറി മേധാവി. എന്നാൽ എന്തു ശിക്ഷയാണു നൽകുക എന്ന കാര്യം അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. ഇറാനിൽ ഹിജാബ് നിയമം ആഭ്യന്തരമന്ത്രാലയം കൂടുതൽ ശക്തമാക്കിയതിനു പിന്നാലയാണ് ജുഡീഷ്യറി മേധാവി ഗുലാം ഹുസൈൻ മുഹ്സിനി ഇജീയുടെ പ്രഖ്യാപനം എത്തിയിരിക്കുന്നത്.
ഇറാനെന്ന രാഷ്ട്രത്തിന്റെ നാഗരികമായ അടയാളങ്ങളിലൊന്നാണ് ഹിജാബ്. ഇറാന്റെ പ്രായോഗിക തത്വങ്ങളിലൊന്നാണതെന്നും അതിനാൽ ഹിജാബിന്റെ കാര്യത്തിൽ വിട്ടു വീഴ്ചക്കില്ലെന്നും ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു.
രാജ്യത്ത് കഴിഞ്ഞ സെപ്റ്റംബറോടെ മഹ്സ അമിനിയുടെ മരണശേഷമാണ് ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ടത്. ശരിയായ രീതിയിൽ ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് അറസ്റ്റ് ചെയ്ത അമിനി പൊലീസ് കസ്റ്റഡയിലിരിക്കെയാണ് മരിച്ചത്. ഇറാനിലെ സ്ത്രീകൾ ഹിജാബും ശരീരം മുഴുവൻ മൂടുന്ന അയഞ്ഞ വസ്ത്രം ധരിക്കണമെന്നുമാണ് നിയമം. ഇതു ലംഘിക്കുന്നവർക്ക് ശിക്ഷ ഉറപ്പാണ്.