സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ നിരന്തരം പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

കോയിപ്രം: സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ നിരന്തരം പീഡിപ്പിച്ച യുവാവ് പത്തനംതിട്ട ഓതറയിൽ അറസ്റ്റിൽ. ഓതറ സ്വദേശി രതീഷാണ് കോയിപ്രം പൊലീസിന്റെ പിടിയിലായിരിക്കുന്നത്. 2013 സെപ്റ്റംബറിലാണ് രതീഷ് തോട്ടപ്പുഴശ്ശേരി സ്വദേശിയായ യുവതിയെ വിവാഹം ചെയ്തത്. ആറന്മുള രജിസ്റ്റർ ഓഫീസിൽ വച്ചാണ് ഇരുവരുടെയും വിവാഹം നടന്നത്.

വിവാഹത്തിന് ശേഷം രതീഷ് നിരന്തരം സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു. യുവതിക്ക് സൗന്ദര്യം കുറവാണെന്ന് ആരോപിച്ചും പ്രതി മർദ്ദിച്ചു. രതീഷിന്റെ അമ്മ ഓമനയും യുവതിയെ അസഭ്യം വിളിക്കുകയും മർദിക്കുകയും ചെയ്തിരുന്നു. നിരന്തര പീഡനം സഹിക്കാൻ വയ്യാതായതോടെയാണ് യുവതി പോലീസിൽ പരാതി നൽകിയത്.

കോയിപ്പുറം എസ് എച്ച് ഒ സജീഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ വീടിന്റെ സമീപത്ത് നിന്നാണ് പിടികൂടിയത്. രതീഷ് കുറ്റം സമ്മതിച്ചു. രണ്ടാം പ്രതിക്കായുള്ള അന്വേഷണം തുടരുകയാണ്.

മാര്‍ച്ച് രണ്ടാം വാരത്തില്‍ സ്ത്രീധനം വേണ്ടെന്ന് പറഞ്ഞ് വിവാഹമുറപ്പിച്ച ശേഷം യുവതിയുടെ കുടുംബത്തിൽ നിന്ന് പല ആവശ്യങ്ങൾ പറഞ്ഞു ലക്ഷങ്ങൾ കൈക്കലാക്കിയ യുവാവ് ഒടുവിൽ വിവാഹത്തിൽ നിന്ന് പിന്മാറിയതോടെ യുവതി ആത്മഹത്യ ചെയ്തിരുന്നു. നെടുമങ്ങാട് വലിയമല കുര്യാത്തി ശ്രീകൃഷ്ണവിലാസത്തിൽ ശ്രീകുമാറിന്റെ മകൾ ആതിരാ ശ്രീകുമാറാണ് തൂങ്ങി മരിച്ചത്. ആതിരയും പനയമുട്ടം സ്വാതിഭവനിൽ സോനുവും തമ്മിലുള്ള വിവാഹ നിശ്ചയം 2022 നവംബർ 13ന് ആണ് നടന്നത്. 2023 ഏപ്രിൽ 30നാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. സ്ത്രീധനമായി ഒന്നും തന്നെ സോനു ആവശ്യപ്പെട്ടിരുന്നില്ല.

പക്ഷേ വിവാഹ നിശ്ചയത്തിന് ശേഷം ആതിരയ്ക്ക് ലഭിക്കുന്ന ശമ്പളവും ആതിരയുടെ സഹോദരനിൽ നിന്നും ബന്ധുക്കളിൽ നിന്നും പല ആവശ്യങ്ങൾ പറഞ്ഞു പലപ്പോഴായി ലക്ഷങ്ങളാണ് സോനു കൈക്കലാക്കി. തുടർന്നും സോനു പണം ആവശ്യപ്പെട്ടപ്പോൾ ആണ് ആതിരയുടെ കുടുംബത്തിന് സംശയം ഉയർന്നത്. തന്നെക്കുറിച്ച് ആതിരയുടെ കുടുംബം അന്വേഷിക്കുന്നു എന്ന് മനസ്സിലാക്കിയ സോനു ആതിരയും വീട്ടുകാരെയും ഫോണിൽ വിളിച്ചു കല്യാണത്തിൽ നിന്ന് പിന്മാറുകയാണ് എന്ന് അറിയിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *