സഹപാഠികൾ തമ്മിൽ വാക്കേറ്റം; 14 കാരന് ദാരുണാന്ത്യം

 

ചെന്നൈ: ഒമ്പതാം ക്ലാസിൽ പഠിക്കുന്ന സഹപാഠികൾ തമ്മിലുള്ള വഴക്കും അടിപിടിയും കലാശിച്ചത് മരണത്തിൽ. തമിഴ്‌നാട്ടിലെ തിരുവള്ളൂരിലെ സർക്കാർ സ്‌കൂളിലാണ് സംഭവം നടന്നിരിക്കുന്നത്. ചെന്നൈയിൽ നിന്ന് 140 കിലോമീറ്റർ അകലെ തിരുവള്ളൂർ ജില്ലയിലെ അരണിയിലുള്ള ഗവൺമെന്റ് ബോയ്‌സ് സ്‌കൂളിൽ ഉച്ചഭക്ഷണ ഇടവേളയിലാണ് നാടിനെ ഞെട്ടിച്ച സംഭവം. ബി തമിഴ്‌ശെൽവൻ എന്ന പതിനാലുകാരനാണ് മരിച്ചത്.

ഉച്ചഭക്ഷണത്തിനുള്ള ഇടവേളയിൽ തമിഴ്‌ശെൽവനും സഹപാഠികളിലൊരാളുമായി വാക്കേറ്റമുണ്ടാവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇരുവരും തമ്മിലുള്ള തർക്കം രൂക്ഷമായി പരസ്പരമുള്ള അടിപിടിയിലേക്ക് പ്രശ്നങ്ങൾ നീങ്ങി. പരസ്പരമുള്ള ഏറ്റുമുട്ടലിനിടെ നെറ്റിയിൽ ക്ഷതമേറ്റ തംഴിശെൽവൻ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ പൊന്നേരി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.

 

പെരിയപാളയം സ്വദേശിയാണ് മരണപ്പെട്ട തമിഴ്ശെൽവൻ. സഹപാഠികൾ അപകീർത്തികരമായ വാക്കുകൾ ഉപയോഗിച്ച് തമിഴ്‌ശെൽവനെ നിരന്തരം അപമാനിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതാണ് പരസ്പരം അടിയുണ്ടാവാനുള്ള കാരണം. സംഭവത്തെ തുടർന്ന് പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തമിഴ്ശെൽവന്റെ കുടുംബാംഗങ്ങൾ പൊന്നേരി ആശുപത്രിക്ക് പുറത്ത് പ്രതിഷേധിച്ചു. കുട്ടിയുടെ മരണത്തിന് കാരണക്കാരനായ കൗമാരക്കാരനെ തിരുവള്ളൂർ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മനുപൂർവ്വമല്ലാത്ത നരഹത്യ കുറ്റമാണ് ചുമത്തിയത്.

ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ കൗമാരക്കാരനെ ചെങ്കൽപട്ടിലെ സർക്കാർ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി. സംഭവത്തെ തുടർന്ന് വിദ്യാഭ്യാസ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരും ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഗണേഷ് കുമാറും സ്‌കൂളിലെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *