കൊച്ചി: യാത്രക്കാരില്ലാത്തതിനാൽ കൊച്ചി മെട്രോ സ്റ്റേഷനുകളുടെ നടത്തിപ്പ് ആശങ്കയിൽ. ആലുവ മുതൽ കളമശ്ശേരി വരെയുള്ള നാല് സ്റ്റേഷനുകളിൽ നിന്ന് പ്രതിദിനം 600ൽ താഴെ യാത്രക്കാർ മാത്രമാണ് മെട്രോയിൽ കയറുന്നതെന്ന് വിവരാവകാശ രേഖയിൽ വ്യക്തമാകുന്നു. യാത്രക്കാർ കുറയുന്നത് കൊച്ചി മെട്രോ രണ്ടാംഘട്ടത്തെ പ്രതിസന്ധിയിലാക്കിയിരിക്കുയാണ്. ആലുവ പിന്നിട്ടാൽ പിന്നീട് യാത്രക്കാർ കൂട്ടമായി കയറണമെങ്കിൽ മെട്രോ കളമശ്ശേരിയെത്തേണ്ടതുണ്ട്.
ആലുവ കഴിഞ്ഞാലുള്ള അടുത്ത സ്റ്റേഷൻ പുളിഞ്ചോട്, ഇവിടെ നിന്ന് ഒരു ദിവസം ശരാശരി കയറുന്നത് 554 പേർ. അടുത്ത സ്റ്റേഷനായ കമ്പനിപ്പടി എത്തിയാൽ യാത്രക്കാർ പിന്നെയും കുറയും. 529 പേർ മാത്രമാണ് അവിടെനിന്ന് കയറുന്നത്. തൊട്ടടുത്ത സ്റ്റേഷനായ അമ്പാട്ടുകാവിൽ നിന്നാണ് കൊച്ചി മെട്രോയിലേക്ക് ഏറ്റവും കുറവ് യാത്രക്കാർ. ദിവസം വെറും 306 പേർ മാത്രം. മുട്ടത്ത് നിന്ന് 574 പേരും ഓരോ ദിവസവും മെട്രോയിൽ കയറുന്നു. 10,800 പേരാണ് ഇടപ്പള്ളിയിൽ നിന്നുള്ള ശരാശരി പ്രതിദിന യാത്രക്കാരുടെ എണ്ണം.
കൂടുതൽ യാത്രക്കാരുള്ളത് എറണാകുളം സൗത്ത്, ടൗൺഹാൾ, മഹാരാജാസ് തുടങ്ങിയ സ്റ്റേഷനുകളിൽ നിന്നാണ്. വിവരാവകാശ പ്രകാരമുള്ള കണക്ക് അനുസരിച്ച് 63,000 പേരാണ് മെട്രോയിലെ ശരാശരി പ്രതിദിന യാത്രക്കാർ. മെട്രോ ആദ്യഘട്ട നിർമാണം തുടങ്ങുമ്പോൾ പ്രതിദിനം മൂന്നര ലക്ഷം പേർ യാത്രക്കാർ മെട്രോയിൽ കയറുമെന്നായിരുന്നു കണക്കൂകൂട്ടിയത്.