റിയാദിൽ ബൊൾവാർഡ് വേൾഡ് ഏരിയ തുറന്നു. ഇത്തവണ ബൊൾവാർഡ് വേൾഡിന്റെ വിസ്തൃതി 40 ശതമാനത്തിലേറെ വികസിച്ചിട്ടുണ്ട്. നാലാമത് റിയാദ് സീസണിലെ ഏറ്റവും വലിയ മേഖലകളിലൊന്നായ ബൊൾവാർഡ് വേൾഡ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന വിനോദ അനുഭവങ്ങൾ സന്ദർശകർക്ക് സമ്മാനിക്കുന്നു.
ഇത്തവണ പുരാതന സിറിയയുടെ സവിശേഷതകളോടെ ശൈത്യകാല അന്തരീക്ഷത്തിലാണ് പരിപാടികൾ നടക്കുന്നത്. പ്രദേശത്തിന്റെ കഥ പറയുന്ന കെട്ടിടങ്ങളിലൂടെ അതിന്റെ ജീവചരിത്രം പ്രദർശിപ്പിക്കുന്നു. ഈജിപ്തിലെ ഗിസ പിരമിഡുകളും ഇത് ഓർമയിലേക്ക് കൊണ്ടുവരുന്നു. ഉത്തര റിയാദിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ കേന്ദ്രങ്ങളിലൊന്നായ ബുളിവാർഡ് വേൾഡ് 20 ഉപപ്രദേശങ്ങളായി തിരിച്ചിരിക്കുന്നു.
ഈജിപ്ത്, ബ്രിട്ടൻ, ഇന്ത്യ, ഏഷ്യ, മെക്‌സിക്കോ, ഫ്രാൻസ്, സിറിയ, ചൈന, അമേരിക്ക, സ്‌പെയിൻ, ഇറ്റലി, ഗ്രീസ്, ജപ്പാൻ, മൊറോക്കൊ എന്നീ രാജ്യങ്ങൾ പ്രതിനിധീകരിക്കുന്ന ഭക്ഷണങ്ങളാലും സംഗീതത്താലും കെട്ടിടങ്ങളാലും വേറിട്ടുനിൽക്കുന്ന പ്രത്യേക സ്വഭാവത്തോടെ രൂപകൽപന ചെയ്തിരിക്കുന്ന, നിരവധി സംസ്‌കാരങ്ങളുള്ള ഒരുകൂട്ടം പ്രദേശങ്ങൾ ഉൾപ്പെടുന്ന ആഗോള വിഭാഗവും ഉപപ്രദേശങ്ങളിൽ അടങ്ങിയിരിക്കുന്നു.