പാരമ്പര്യ രുചിയിടങ്ങളൊരുക്കി ലെഗസി ഫുഡ് ഫെസ്റ്റിവൽ

പാരമ്പര്യ രുചിയിടങ്ങളൊരുക്കി ലെഗസി ഫുഡ് ഫെസ്റ്റിവൽ

കേരളീയം കാണാനെത്തുന്നവരെ പാരമ്പര്യ രുചി വഴികളിലെത്തിച്ച് ലെഗസി ഫുഡ് ഫെസ്റ്റിവൽ. ഏഴു റസ്റ്റോറന്റുകളാണ് സെൻട്രൽ സ്‌റ്റേഡിയത്തിൽ ഒരുക്കിയ ലെഗസി ഫെസ്റ്റിൽ പങ്കെടുക്കുന്നത്. കോഴിക്കോട്ടുകാരുടെ രുചിപ്പെരുമയ്ക്ക് പേരു കേട്ട പാരഗൺ, തിരുവനന്തപുരത്തെ തനത് രുചിയിടമായ ആസാദ്, ബിരിയാണിപ്പെരുമയുള്ള അജുവ, സസ്യഭക്ഷണ മിഷ്ടപ്പെടുന്നവരുടെ ഫേവറിറ്റായ മദേഴ്‌സ് വെജ് പ്ലാസ, ആഹാരപ്പെരുമയ്ക്ക് പുകൾപ്പെറ്റ ലീല റാവിസ്, കെ.ടി.ഡി.സിയുടെ ആഹാർ എന്നിവയ്ക്ക് പുറമെ വിവിധ തരം കഞ്ഞി ലഭിക്കുന്ന ‘ക’ കടയിലും രുചി ഭേദങ്ങൾ അനുഭവിച്ചറിയാൻ ആളുകളുടെ വലിയ തിരക്കാണ്. രാവിലെ 10 മുതൽ രാത്രി 11 വരെ നീളുന്ന വിഭവ സമൃദ്ധി തിരുവനന്തപുരത്തിന് വലിയ കൗതുകമാണുണ്ടാക്കുന്നത്.

ലോകത്തെ ഐതിഹാസിക റെസ്റ്റോറന്റുകളിൽ ഒന്നായി രാജ്യാന്തര ഓൺലൈൻ ഫുഡ് ഗൈഡായ ടേസ്റ്റ് അറ്റ്ലസ് തെരഞ്ഞെടുത്ത കോഴിക്കോട് പാരഗണിൽ സിഗ്‌നേച്ചർ വിഭവമായ ബിരിയാണി മുതൽ മീൻ മുളകിട്ടതും ചിക്കൻ ചെറിയുള്ളി ഫ്രൈയും കോഴിക്കുഞ്ഞ് പൊരിയും മിതമായ നിരക്കിൽ ലഭിക്കും. 50 രൂപ നിരക്കിൽ ഇളനീർ പുഡിങും ഇളനീർ പായസവും ഒപ്പം ഗുലബ് ജാമും ലഭിക്കും. പാരഗണിന്റെ സ്‌പെഷ്യലായ പാരഗൺ സർബത്തിനും പ്രിയമേറെയാണ്. ബീഫ് കപ്പ ബിരിയാണിയാണ് ആഹാറിലെ സ്‌പെഷ്യൽ. കൂടാതെ സുഖിയൻ, കൊഴുക്കട്ട തുടങ്ങിയ സായാഹ്ന പലഹാരങ്ങളുമുണ്ട്.

തിരുവനന്തപുരത്തെ പായസ ബോളി 20 രൂപയ്ക്ക് വിളമ്പിയാണ് മദേഴ്‌സ് വെജ് പ്ലാസ സന്ദർശകരെ ആകർഷിക്കുന്നത്. ദി ക്ലബ്ബ് ഹൗസിന്റെ ഔട്ലെറ്റായ അജുവയിൽ 15 രൂപയ്ക്ക് ഷാർജ ഷേക്ക് ലഭിക്കും. തുർക്കി പത്തൽ, ഇറച്ചി പത്തൽ, കട്ലെറ്റ്, പോക്കറ്റ് ഷവർമ എന്നിവയും ഇവിടെ ലഭിക്കും. ‘ക’ കടയിൽ മരുന്ന് കഞ്ഞി, നോമ്പ് കഞ്ഞി, പാൽ കഞ്ഞി, ചീര കഞ്ഞി, വെജിറ്റബിൾ കഞ്ഞി, ജീരക കഞ്ഞി എന്നിവയോടൊപ്പം കനലിൽ ചുട്ട പപ്പടവും തേങ്ങാ ചമ്മന്തിയും കൂടെ കരിപ്പെട്ടി കാപ്പിയും തരും. ആസാദ് ഹോട്ടലിൽ ട്രാവൻകൂർ ബിരിയാണിയാണ് താരം.

Leave a Reply

Your email address will not be published. Required fields are marked *