ജെറ്റ് എയർവേയ്‌സുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 500 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി.
ജെറ്റ് എയർവേയ്‌സിന്റെ സ്ഥാപകൻ നരേഷ് ഗോയൽ, ഭാര്യ അനിതാ ഗോയൽ, മകൻ നിവാൻ ഗോയൽ, കമ്പനികൾ എന്നിവയുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 17 റസിഡൻഷ്യൽ ഫ്ലാറ്റുകൾ, ബംഗ്ലാവുകൾ, വാണിജ്യ കെട്ടിടങ്ങൾ എന്നിവയാണ് കണ്ടുകെട്ടിയത്. 2002ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പിഎംഎൽഎ) പ്രകാരമാണ് നടപടി.
538 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതായാണ് ഇഡി അറിയിച്ചത്. ചില സ്വത്തുക്കൾ ജെറ്റ് എയർ പ്രൈവറ്റ് ലിമിറ്റഡ്, ജെറ്റ് എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളുടെ പേരുകളിലും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കാനറ ബാങ്ക് നൽകിയ തട്ടിപ്പ് കേസിൽ ഗോയലിനും മറ്റ് അഞ്ച് പേർക്കുമെതിരെ കഴിഞ്ഞ ദിവസമാണ് ഇഡി കുറ്റപത്രം സമർപ്പിച്ചത്. 848 കോടി രൂപ വരെ വായ്പ അനുവദിച്ചതായി എഫ്ഐആറിൽ ആരോപിച്ചു. വായ്പയെടുത്തതിൽ 538 കോടി രൂപ കുടിശ്ശികയായതോടെയാണ് ബാങ്ക് പരാതിയുമായി രംഗത്തെത്തിയത്.