ഐസ്വാള്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മിസോറം സന്ദര്‍ശിക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറി പ്രധാനമന്ത്രി നരേന്ദ്ര മോദി. നവംബര്‍ ഏഴിന് തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ ബിജെപി പ്രചാരണ ക്യാമ്പയിന്റെ ഭാഗമായി ഈ മാസം 30ന് മോദി മിസോറമിലെത്തുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ട്. ഇത് റദ്ദാക്കിയതായി മുതിര്‍ന്ന ബിജെപി നേതാവാണ് അറിയിച്ചത്.
എന്നാൽ മോദിയുടെ സന്ദര്‍ശനം റദ്ദാക്കിയതിലെ കാരണം വ്യക്തമാക്കിയിട്ടില്ല. പ്രചാരണത്തിനെത്തുന്ന മോദിയുമായി വേദി പങ്കിടില്ലെന്ന് മുഖ്യമന്ത്രി സൊറംതങ്ക നേരത്തേ വ്യക്തമാക്കിയിരുന്നു. മണിപ്പൂരില്‍ കുക്കികള്‍ക്കും ക്രൈസ്തവാരാധനാലയങ്ങള്‍ക്കുമെതിരേ നടക്കുന്ന അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രി സംസ്ഥാനത്തേക്കുള്ള യാത്ര റദ്ദാക്കിയതായി ബിജെപി നേതാവ് പ്രഖ്യാപിക്കുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ മിസോറമില്‍ പ്രചാരണത്തിനെത്തും. മാമിത് ജില്ലയിലടക്കം അമിത്ഷാ പ്രചാരണം നടത്തും. തിങ്കളാഴ്ച നിതിന്‍ ഗഡ്കരിയും സംസ്ഥാനത്ത് സന്ദര്‍ശനം നടത്തുമെന്നാണ് വിവരം.