യു.എ.ഇ. പതാകദിനമായ നവംബർ മൂന്നിന് രാജ്യത്തെ എല്ലാ സ്ഥാപനങ്ങളോടും ദേശീയപതാക ഉയർത്താൻ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആഹ്വാനംചെയ്തു.
യു.എ.ഇ. പ്രസിഡന്റായി ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ 2004-ൽ അധികാരമേറ്റതിന്റെ സ്മരണാർഥമാണ് പതാകദിനം ആചരിക്കുന്നത്. വിവിധ മന്ത്രാലയങ്ങൾ, സർക്കാർവകുപ്പുകൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, സ്വകാര്യസ്ഥാപനങ്ങൾ, പാർക്കുകൾ തുടങ്ങിയ ഇടങ്ങളിലെല്ലാം രാവിലെ 10 മണിക്ക് യു.എ.ഇ.യുടെ ദേശീയപതാക ഉയർത്തണം.രാജ്യത്തെ എല്ലാവരും ആഘോഷത്തിന്റെ ഭാഗമാകണമെന്ന് ശൈഖ് മുഹമ്മദ് ‘എക്സി’ൽ കുറിച്ചു.
രാജ്യത്തിന്റെ ഐക്യവും നേട്ടങ്ങളും ആഘോഷിക്കാനുള്ള അവസരമായാണ് പതാകദിനത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. 2013 മുതലാണ് യു.എ.ഇ.യിൽ പതാകദിനം ആഘോഷിക്കുന്നത്.