ചെന്നൈ: ചെന്നൈയില്‍ ട്രെയിനിടിച്ച് ഭിന്നശേഷിക്കാരായ മൂന്ന് കുട്ടികള്‍ മരിച്ചു. കര്‍ണാടക സ്വദേശികളായ സുരേഷ് (15), രവി (15), മഞ്ജുനാഥ് (11) തുടങ്ങിയവരാണ് മരിച്ചത്. സംസാരശേഷിയും കേള്‍വിശേഷിയുമില്ലാത്ത കുട്ടികളാണ് അപകടത്തില്‍ മരിച്ചത്.
മാതാപിതാക്കള്‍ നോക്കിനില്‍ക്കെ ഇന്ന് ഉച്ചയോടെ ചെന്നൈയിലെ താംബരത്താണ് ദാരുണമായ അപകടം സംഭവിച്ചത്. പൂജ അവധിക്ക് ചെന്നൈയിലെത്തിയതാണ് ഇവരെന്നാണ് വിവരം. റെയില്‍വെ പാളത്തിലൂടെ നടന്നുവരുന്നതിനിടെ പിന്നില്‍ നിന്നുമെത്തിയ ട്രെയിന്‍ മൂന്നുപേരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ഇവര്‍ക്ക് പിന്നിലായി ഇവരുടെ മാതാപിതാക്കളുമുണ്ടായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ മൂന്നുപേരും മരിച്ചു. കേള്‍വിശേഷിയില്ലാത്തതിനാല്‍ ട്രെയിന്‍ വരുന്നത് മൂവരും അറിഞ്ഞില്ല. ഇതാണ് അപകടകാരണമെന്നാണ് വിവരം.
വിജയദശമി ആഘോഷം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടശേഷം ഇവരുടെ മൃതദേഹത്തിനരികെ അലമുറയിട്ട് കരയുന്ന മാതാപിതാക്കളും നൊമ്പരപ്പെടുത്തുന്ന കാഴ്ചയായി. ഇവരെ ആശ്വസിപ്പിക്കാനാകാതെ സമീപവാസികളും ബുദ്ധിമുട്ടി.