വിഴിഞ്ഞത്ത് ചൈനീസ് പൗരന്മാര്‍ക്ക് ഇറങ്ങാന്‍ അനുമതി കൊടുത്ത സംഭവം; മോദി-അദാനി ബന്ധത്തിന്‍റെ തെളിവ് ; ജയ്‌റാം രമേശ്

വിഴിഞ്ഞത്ത് ചൈനീസ് പൗരന്മാര്‍ക്ക് ഇറങ്ങാന്‍ അനുമതി കൊടുത്ത സംഭവം; മോദി-അദാനി ബന്ധത്തിന്‍റെ തെളിവ് ; ജയ്‌റാം രമേശ്

ഡൽഹി: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യമായി എത്തിയ ചൈനീസ് കപ്പലിലെ ജീവനക്കാര്‍ക്ക് ബര്‍ത്തില്‍ ഇറങ്ങാന്‍ കേന്ദ്ര സർക്കാർ അനുമതി നല്‍കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്.

ചൈനീസ് പൗരന്മാര്‍ക്ക് തുറമുഖത്ത് ഇറങ്ങാന്‍ അനുമതി നല്‍കാറില്ലെന്നും കേന്ദ്ര നടപടി പ്രധാനമന്ത്രി നരേന്ദ്രമോദിയും അദാനിയും തമ്മിലുള്ള ബന്ധത്തിന്‍റെ തെളിവാണെന്നും കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് ആരോപിച്ചു.

സുരക്ഷാമാനദണ്ഡങ്ങള്‍ ലംഘിച്ചാണ് കേന്ദ്ര സർക്കാർ ചൈനീസ് പൗരന്മാര്‍ക്ക് വിഴിഞ്ഞത്ത് ഇറങ്ങാന്‍ അനുമതി നല്‍കിയത്. ചൈനീസ് പൗരന്മാര്‍ക്ക് തുറമുഖത്ത് ഇറങ്ങാന്‍ അനുമതി നല്‍കാനാവില്ലെന്നതാണ് നിയമം. അദാനിക്കായി കേന്ദ്ര സർക്കാർ അനധികൃത ഇളവുകള്‍ നല്‍കുകയാണ്. ഒരു കമ്പനിക്കായി ചൈനീസ് പൗരന്‍മാരെ അനധികൃതമായി പ്രവർത്തിക്കാൻ കേന്ദ്രം അനുവദിക്കുന്നുവെന്നും ജയ്റാം രമേശ് വിമര്‍ശിച്ചു.

പ്രത്യേക കാരണങ്ങളാല്‍ കപ്പലിലെ ജീവനക്കാര്‍ക്ക് വിസയില്ലാതെ തന്നെ ഇറങ്ങാന്‍ അനുമതി നല്‍കാറുണ്ടെങ്കിലും അഫ്ഗാനിസ്താന്‍, ചൈന, എത്യോപിയ, ഇറാഖ്, പാകിസ്താന്‍, സോമാലിയ, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ഇറങ്ങാന്‍ അനുമതി നല്‍കാന്‍ പാടില്ലെന്നുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നതെന്നും നിയമവിരുദ്ധമാണിതെന്നും ജയ്റാം രമേശ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *