ഇസ്രയേൽ ആക്രമണത്തിൽ വീടും ബന്ധുക്കളെയും നഷ്ടപ്പെട്ട പാലസ്തീൻ യുവതിയെ ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള യൂണിവേഴ്സിറ്റിയിൽ എം എ ലിംഗ്വിസ്റ്റിക്സ് വിദ്യാർത്ഥിനിയാണ് പാലസ്‌തീനിൽ നിന്നുള്ള ഫുറാത്ത് അൽമോസാൽമി.
ഒക്ടോബർ 19 ന് നടന്ന വിദേശ വിദ്യാർത്ഥി സംഗമത്തിൽ പങ്കെടുക്കേണ്ടതായിരുന്നു ഫുറാത്ത് അൽമോസാൽമിയും പി എച്ച് ഡി വിദ്യാർത്ഥിയായ ഭർത്താവ് സമർ അബുദോവ്ദയും. അതെ സമയമാണ് ഇസ്രയേലിന്റെ റോക്കറ്റ് ആക്രമണത്തിൽ ഇവരുടെ അടുത്ത ബന്ധുക്കൾ കൊല്ലപ്പെടുകയും വീട് തകരുകയും ചെയ്‌തെന്ന വാർത്തയെത്തിയത്.
വടക്കൻ ഗാസയിൽ നടന്ന ആക്രമണത്തിൽ ഇരുവരുടെയും മാതാപിതാക്കൾ ഉൾപ്പടെ തെക്കൻ ഗാസയിലേക്ക് പാലായനം ചെയ്തിരിക്കുകയാണ്. കേരളീയം പരിപാടിയുടെ ഭാഗമായി ഒക്ടോബർ 19 ന് തിരുവനന്തപുരം കനകകുന്ന് കൊട്ടാരത്തിൽ സംഘടിപ്പിച്ച പരിപാടിയിലേക്ക് ഇരുവർക്കും ക്ഷണം ഉണ്ടായിരുന്നു. അതിൽ പങ്കെടുക്കാനുളള തയ്യാറെടുപ്പിനിടെയാണ് ഗാസയിലെ ഇവരുടെ വീട് ബോംബാക്രമണത്തിൽ തകർന്ന് ബന്ധുക്കൾ കൊല്ലപ്പെട്ടു എന്ന വാർത്തയറിഞ്ഞത്. യൂണിവേഴ്സിറ്റി അധികാരികളിൽ നിന്ന് വിവരം അറിഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ ഫുറേത്തിനെ ഫോണിൽ ബന്ധപ്പെട്ട് ആശ്വസിപ്പിച്ചു.