ഡൽഹി: അടുത്തമാസം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മദ്ധ്യപ്രദേശ് ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലേക്കുള്ള കോൺഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപനം നാളെയുണ്ടാകും. ഇരു സംസ്ഥാനങ്ങളിലെയും സ്ഥാനാർത്ഥി നിർണയ ചർച്ചകൾ ഡൽഹിയിൽ പൂർത്തിയായി. വടക്കേ ഇന്ത്യയിലെ പിതൃപൂജാ ചടങ്ങുകൾ ഇന്ന് പൂർത്തിയായ ശേഷം പട്ടിക പ്രഖ്യാപിക്കാനാണ് തീരുമാനം.
230 അംഗ മദ്ധ്യപ്രദേശ് നിയമസഭയിലേക്ക് നാളെ 140 ഓളം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചേക്കും. രാജസ്ഥാൻ, മിസോറാം, തെലങ്കാന പട്ടികകൾ പിന്നാലെയുണ്ടാകും. അതേസമയം മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലേക്കുള്ള ബി.ജെ.പിയുടെ ആദ്യ പട്ടിക നേരത്തേ പ്രഖ്യാപിച്ചു. ഛത്തീസ്ഗഢിൽ കോൺഗ്രസും മദ്ധ്യപ്രദേശിൽ ബി.ജെ.പിയുമാണ് ഭരണത്തിൽ. ഡൽഹി പാർട്ടി ആസ്ഥാനത്ത് ഇന്നലെ ചേർന്ന മദ്ധ്യപ്രദേശ്, തെലങ്കാന സ്ഥാനാർത്ഥി നിർണയ ചർച്ചയിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, എം.പി മാരായ രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.