20-ാമത് ഗ്ലോബലിക്സ് രാജ്യാന്തര സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

20-ാമത് ഗ്ലോബലിക്സ് രാജ്യാന്തര സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

20-ാമത് ഗ്ലോബലിക്സ് രാജ്യാന്തര സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ, വ്യവസായ രംഗങ്ങളിൽ ഗുണപരമായ ബന്ധങ്ങൾ ഉറപ്പാക്കി യുവതലമുറയെ ശക്തിപ്പെടുത്താനുള്ള നടപടികളുമായി കേരളം മുന്നോട്ടുപോകുകയാണ്. യുവാക്കൾക്കു കൂടുതൽ തൊഴിലവസരങ്ങളും വരുമാന അവസരങ്ങളും സംസ്ഥാനത്തുതന്നെ സൃഷ്ടിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഉണർവു പകരുന്നതിനുള്ള നവീന പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടപ്പാക്കേണ്ടതുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിവിധ മേഖലകളിൽ നടത്തിയ പ്രവർത്തനങ്ങളിലൂടെ രാജ്യത്തും ലോകത്തും മികച്ച മാതൃകകൾ സൃഷ്ടിക്കാൻ സംസ്ഥാനത്തിനു കഴിഞ്ഞിട്ടുണ്ട്. നവോത്ഥാന പ്രസ്ഥാനങ്ങൾ, പുരോഗമന ആശയങ്ങൾ, കർഷകത്തൊഴിലാളികളുടേയും തൊഴിലാളികളുടേയും സമരങ്ങൾ, സാക്ഷരതാ ക്യാംപെയിൻ, ജനകീയാസൂത്രണം, സ്ത്രീശാക്തീകരണ നടപടികൾ, ദാരിദ്ര്യ നിർമാർജന പരിപാടികൾ തുടങ്ങിയ ഇടപെടലുകളാണ് ഈ രീതിയിലേക്കു സംസ്ഥാനത്തെ വളർത്തിയത്. ആരോഗ്യ, വിദ്യാഭ്യാസ മേഖലകലിൽ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമാണു കേരളം. സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കുള്ള സൂചികകളിലും ഒന്നാമതാണ്. ദാരിദ്ര്യനിർമാർജനത്തിൽ സമാനതകളില്ലാത്ത പ്രകടനമാണു സംസ്ഥാനത്തിന്റേത്. രാജ്യത്തിനകത്തും പുറത്തും നൈപുണ്യമുള്ള വലിയൊരു മാനവവിഭവശേഷിക കേരളത്തിന്റേതാണ്. കേരളത്തിന്റെ സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റം ആഗോള അംഗീകാരം നേടിയതും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ആഗോള വിജ്ഞാന സമ്പദ്വ്യവസ്ഥയുമായി ചേരുന്നതിനുള്ള നൂതന ആശയങ്ങൾ സംസ്ഥാനം ഫലപ്രദമായി നടപ്പാക്കിവരികയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇന്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണു കേരളം. എല്ലാവർക്കും ഇന്റർനെറ്റ് ഉറപ്പാക്കാൻ കേരള ഫൈബർ ഒപ്റ്റിക്സ് നെറ്റ്വർക്ക് സ്ഥാപിച്ചു. സാമ്പത്തിക, പ്രാദേശിക, സാമൂഹിക തടസങ്ങളൊന്നുമില്ലാതെ എല്ലാ പൗരന്മാർക്കും ഇന്റർനെറ്റ് എന്ന അവകാശം ഉറപ്പാക്കുന്നതാണ് ഈ പദ്ധതി.

വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും കേരളത്തെ പരിവർത്തിപ്പിക്കാനുള്ള യാത്രയിലാണു സർക്കാർ. ഇതിന് ഊർജം പകരാൻ ഗ്ലോബലിക്സ് പോലുള്ള കൂട്ടായ്മകൾക്കു കഴിയും. അമ്പതോളം രാജ്യങ്ങളിൽനിന്നുള്ള ഗവേഷകരും വിദഗ്ധരും ഈ കോൺഫറൻസിന്റെ ഭാഗമാണ്. 38 രാജ്യങ്ങളിൽനിന്നുള്ളവർ നേരിട്ടു പങ്കെടുക്കുന്നുണ്ട്. ഇവരിൽ കുറച്ചുപേർ ആശയങ്ങൾ പങ്കുവയ്ക്കാൻ സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലും കോളജുകളിലും പഠിക്കുന്ന യുവതലമുറകളോട് സംവദിക്കാനൊരുങ്ങുന്നത് ഏറെ സന്തോഷകരമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അധ്യക്ഷത വഹിച്ചു. ഗ്ലോബലിക്സ് അധ്യക്ഷ എറിക ക്രേമർ, പ്ലാനിങ് ബോർഡ് ഉപാധ്യക്ഷൻ വി.കെ. രാമചന്ദ്രൻ (ഓൺലൈൻ), ന്യൂഡൽഹി റിസേർച്ച് ആൻഡ് ഇൻഫർമേഷൻ സിസ്റ്റംസ് ഡയറക്ടർ ജനറൽ സച്ചിൻ ചതുർവേദി, ഐഐഎം ബംഗളൂരു ഡയറക്ടർ ഋഷികേശ ടി. കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

ഡൽഹി റിസേർച്ച് ആൻഡ് ഇൻഫർമേഷൻ സിസ്റ്റംസ്, ഐഐഎം ബംഗളൂരു, കെഡിസ്‌ക്, കേരള ഡിജിറ്റൽ സർവകലാശാല എന്നിവരുടെ സഹകരണത്തോടെയാണു ഗിഫ്റ്റ് ഗ്ലോബലിക്സ് രാജ്യാന്തര സമ്മേളനം സംഘടിപ്പിക്കുന്നത്. ഉദ്ഘാടന ചടങ്ങിനു ശേഷം നെതർലൻഡ്സിൽനിന്നുള്ള പ്രൊഫ. ലൂക് സോയറ്റ്, യുറുഗ്വായ് യൂണിവേഴ്സിറ്റി ഓഫ് റിപ്പബ്ലിക് പ്രതിനിധി പ്രൊഫ. ജൂഡ് സൂഷ്, ഡെൻമാർക്കിൽനിന്നുള്ള പ്രൊഫ. ബെൻ അകെ ലുൺഡ്വാൾ, മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് എന്നിവർ പങ്കെടുത്ത സെഷൻ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *