ജല വിഭവ സംരക്ഷണം, ദ്രവ മാലിന്യ സംസ്കരണം എന്നിവ പ്രമേയമാക്കി അമൃത് 2.0യുടെ ഭാഗമായി സംസ്ഥാനത്തെ 93 നഗര പ്രദേശങ്ങളിലെ തെരഞ്ഞെടുത്ത എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് സ്കൂളുകളിൽ പഠന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. ‘ജലം ജീവിതം’ എന്ന പേരിൽ തദ്ദേശ സ്വയംഭരണ വകുപ്പ് അമൃത് മിഷനും വി.എച്ച്.എസ്.ഇ, എൻ.എസ്.എസും സംയുക്തമായാണ് പ്രൊജക്ട് പ്രവർത്തനങ്ങൾ നിർവഹിക്കുന്നത്.
പ്രചാരണത്തിന്റെ ആദ്യ ഘട്ടമായി ഒക്ടോബർ 16 മുതൽ 31 വരെയുള്ള കാലയളവിൽ, സംസ്ഥാനത്തെ 372 സ്കൂൾ വി.എച്ച്.എസ്.ഇ എൻ.എസ്.എസ്. യൂണിറ്റുകളിലെ വിദ്യാർഥി വോളണ്ടിയർമാർ 93 നഗര പ്രദേശത്തെ 372 വിവിധ സ്കൂൾ ക്യാമ്പസുകൾ സന്ദർശിക്കും. ജല വിഭവ സംരക്ഷണവും വിനിയോഗവും ശുചിത്വവും പ്രമേയമാക്കിയ സന്ദേശം സ്‌കൂളുകൾക്ക് കൈമാറും.