അൽ ദൈദ് ഈന്തപ്പഴ ഉത്സവം അൽ ദൈദ് എക്സ്‌പോ സെന്ററിൽ സമാപിച്ചു. ഈന്തപ്പഴകർഷകർ, ചില്ലറവ്യാപാരികൾ എന്നിവരുൾപ്പെടെ 50-ലേറെ പ്രദർശകർ പരിപാടിയിൽ പങ്കെടുത്തു. ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ (എസ്.സി.സി.ഐ.) മേൽനോട്ടത്തിലാണ് മൂന്നുദിവസം നീണ്ടുനിന്ന പരിപാടി നടന്നത്.
വൈവിധ്യമാർന്ന ഈന്തപ്പഴങ്ങൾ, പരമ്പരാഗത കരകൗശലവസ്തുക്കൾ തുടങ്ങിയവ പര്യവേക്ഷണം ചെയ്യുന്നതിനായി ആയിരക്കണക്കിനാളുകളാണ് എക്സ്‌പോ സെന്ററിലേക്ക് ഒഴുകിയെത്തിയത്.
ഇമിറാത്തി സംസ്കാരവും പൈതൃകവും സംരക്ഷിക്കുന്നതിനും ഈന്തപ്പനക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ഉത്സവം നിർണായക സംഭാവനകളാണ് നൽകുന്നതെന്ന് എസ്.സി.സി.ഐ.യിലെ കമ്യൂണിക്കേഷൻ ആൻഡ് ബിസിനസ് വിഭാഗം ഡയറക്ടർ-ജനറൽ അബ്ദുൾഅസീസ് മുഹമ്മദ് ഷത്താഫ് പറഞ്ഞു.