ഭോപാല്‍: തിരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി. എം.പിമാര്‍ക്കുപകരം രാജ്യത്ത് നിയമങ്ങള്‍ ഉണ്ടാക്കുന്നത് ആര്‍.എസ്.എസും കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചേര്‍ന്നാണെന്ന് രാഹുല്‍ഗാന്ധി. പ്രധാനവിഷയങ്ങളില്‍നിന്ന് ജനശ്രദ്ധതിരിക്കുകയെന്ന ജോലിയാണ് കേന്ദ്രസര്‍ക്കാരിന് ആര്‍.എസ്.എസ്. നല്‍കിയിട്ടുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശില്‍ ജന്‍ ആക്രോശ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് പോരാട്ടം രണ്ട് ആശയങ്ങള്‍ തമ്മിലാണ്. അതിന്റെ ഒരുഭാഗത്ത് കോണ്‍ഗ്രസും മറ്റൊരു ഭാഗത്ത് ആര്‍.എസ്.എസും ബി.ജെ.പിയുമാണ്. ഒരുവശത്ത് ഗാന്ധിജിയും മറ്റൊരു വശത്ത് ഗോഡ്‌സേയും. വിദ്വേഷത്തിനും അക്രമണത്തിനും അഹങ്കാരത്തിനുമെതിരെ പോരാടുന്നത് സ്‌നേഹവും ബഹുമാനവും സാഹോദര്യവുമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.