ബംഗളൂരു: തമിഴ്നാടിന് 3000 ഘനയടി കാവേരി ജലം നൽകണമെന്ന കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി (സി.ഡബ്ല്യു.ആർ.സി) പുതിയ ഉത്തരവിനെതിരെ കർണാടക സുപ്രീംകോടതിയെ സമീപിക്കുന്നു.
മുഖ്യമന്ത്രി സിദ്ധരാമയ്യ ബുധനാഴ്ച ചാമരാജ്നഗറിൽ മാധ്യമങ്ങളെ അറിയിച്ചതാണിത്. സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 15 വരെ ദിവസവും ഇത്രയും വെള്ളം വിട്ടുനൽകണമെന്നാണ് ഉത്തരവ്. ഇതിനെതിരെ സംസ്ഥാനത്ത് വിവിധ കർഷക സംഘടനകളും കന്നട അനുകൂല സംഘടനകളും സമരപാതയിലാണ്.
വെള്ളിയാഴ്ച സംസ്ഥാന വ്യാപക ബന്ദും നടക്കുന്നുണ്ട്. നേരത്തേ ദിവസവും 5000 ഘനയടി വെള്ളം നൽകണമെന്നാണ് കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റി ഉത്തരവിട്ടിരുന്നത്. ഇത് 3000 ആക്കിയ പുതിയ ഉത്തരവിൽ കഴിഞ്ഞ ദിവസം ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ സന്തുഷ്ടി അറിയിച്ചിരുന്നു.