വിനോദസഞ്ചാര, നിക്ഷേപ സാധ്യതകളിലേക്ക് ആഗോള ജനതയെ ആകർഷിക്കുന്ന ട്രാവൽ ആൻഡ് ടൂറിസം വാരാചരണത്തിന് അബുദാബിയിൽ തുടക്കമായി.
വിനോദസഞ്ചാര മേഖലയിൽ എമിറേറ്റിന്റെ വളർച്ച ഉറപ്പാക്കി അബുദാബിയെ ആഗോള ടൂറിസ കേന്ദ്രമാക്കി ഉയർത്തുന്നതിന്റെ ഭാഗമായാണ് പദ്ധതിയെന്ന് സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് (ഡിസിടി) അറിയിച്ചു. വർഷത്തിൽ 2.4 കോടി സന്ദർശകരെ ആകർഷിക്കുകയാണ് ലക്ഷ്യം. ഒപ്പം ഈ രംഗത്തെ വിദേശ നിക്ഷേപകരെയും ഉറ്റുനോക്കുന്നു.
30 വരെ നീളുന്ന വാരാചരണത്തിൽ നഗര ടൂറിസം വിവരണം, ബിസിനസ് ഇവന്റ്സ് ഫോറം, വെഡ്ഡിങ് ഷോ, ഫ്യൂചർ ഹോസ്പിറ്റാലിറ്റി സമ്മിറ്റ് തുടങ്ങി ഒട്ടേറെ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
എമിറേറ്റിന്റെ ഇക്കണോമിക് വിഷൻ 2030ന്റെ ഭാഗമായി ആഗോള ബിസിനസ്, നിക്ഷേപ, വിനോദ സഞ്ചാര കേന്ദ്രമായി അബുദാബിയെ മാറ്റിയെടുക്കുമെന്ന് ഡിസിടി ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക്ക് പറഞ്ഞു. വാരാചരണത്തിന്റെ ഭാഗമായി ടൂറിസം രംഗത്ത് പുതിയ അവസരങ്ങൾ തുറക്കുമെന്നും പ്രതീക്ഷിക്കുന്നു.