രാജാ രവിവർമ ആർട്ട് ഗ്യാലറി രാജ്യത്തിന്റെ അഭിമാനമായി നിലകൊള്ളും: മുഖ്യമന്ത്രി

രാജാ രവിവർമ ആർട്ട് ഗ്യാലറി രാജ്യത്തിന്റെ അഭിമാനമായി നിലകൊള്ളും: മുഖ്യമന്ത്രി

രാജാ രവിവർമയുടെ അത്യപൂർവ ചിത്രങ്ങൾ ഉൾക്കൊള്ളിച്ചു തിരുവനന്തപുരം മ്യൂസിയത്തിൽ സംസ്ഥാന സർക്കാർ ഒരുക്കിയ രാജാ രവിവർമ ആർട്ട് ഗ്യാലറി രാജ്യത്തിന്റെ അഭിമാനമായി നിലകൊള്ളുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് ഏറ്റവും കൂടുതൽ രവിവർമ ചിത്രങ്ങളുള്ള ആർട്ട് ഗ്യാലറിയാണു തിരുവനന്തപുരത്തേതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാന മ്യൂസിയം വകുപ്പിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മ്യൂസിയത്തിൽ ഒരുക്കിയ രാജാ രവിവർമ ആർട്ട് ഗ്യാലറി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രഗത്ഭനും പ്രശസ്തനുമായ കലാകാരന്മാരിൽ ഒരാളായ രാജാരവിവർമയുടെ കലാസപര്യയ്ക്ക് ഉചിതമായ സ്മാരകം യാഥാർഥ്യമായിരിക്കുകയാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രാജാരവിവർമയുടെ 175-ാം ജന്മവാർഷികം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആചരിക്കുന്ന ഘട്ടത്തിൽത്തന്നെ ആർട്ട് ഗ്യാലറി സമർപ്പിക്കാൻ കഴിഞ്ഞതു സന്തോഷകരമാണ്. കിളിമാനൂർ കൊട്ടാരത്തിൽ ജനിച്ച രാജാരവിവർമ കാലത്തെ അതിജീവിച്ച കലാകാരനായിരുന്നു. കൊട്ടാരക്കെട്ടിനുള്ളിൽ ഒതുങ്ങിനിൽക്കാതെ നാട്ടിലേക്കും ജനപഥങ്ങളിലേക്കും അദ്ദേഹം ഇറങ്ങിച്ചെന്നു. സംസ്‌കൃതിയിൽനിന്നു പകർന്നുകിട്ടിയ സങ്കൽപ്പങ്ങളും യാത്രയിൽക്കണ്ട ദൃശ്യങ്ങളും അദ്ദേഹം വരച്ചിട്ടു. ഇന്ത്യൻ പാരമ്പര്യവും പാശ്ചാത്യ സങ്കേതങ്ങളും സമഞ്ജസമായി സമ്മേളിക്കുന്നതാണ് അദ്ദേഹത്തിന്റെ ചിത്രകല. ഇന്ത്യൻ ചിത്രകലാ രംഗത്തെ നവോത്ഥാനത്തെ അടയാളപ്പെടുത്തുന്നതാണ് അതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചിത്രങ്ങളിലൂടെ സാർവദേശീയത പുലർത്തിയ മഹാ ചിത്രകാരനാണ് രാജാ രവിവർമയെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഓരോ ദേശത്തെയും കലാരൂപങ്ങളെയും സാംസ്‌കാരിക ജീവിതങ്ങളെയും അദ്ദേഹം അടയാളപ്പെടുത്തി. രാജാ രവിവർമയുടെ വില ലോകമാകെ അറിയുമ്പോഴും കേരളം വേണ്ടത്ര അറിയുന്നില്ലെന്നതു നിർഭാഗ്യകരമാണ്. ഒരു വർഷം മുൻപു മുംബൈയിൽ ഒരു ചിത്രലേല കമ്പോളത്തിൽ രാജാരവിവർമയുടെ യശോദയും കൃഷ്ണനും എന്ന ചിത്രം 28 കോടി രൂപയ്ക്കാണു വിറ്റുപോയത്. നേരത്തേ വിദേശത്തെത്തിപ്പെട്ട രവിവർമ ചിത്രങ്ങൾ ഇനി കടൽകടന്നു പുറത്തുപോകാതിരിക്കാനാണ് അദ്ദേഹത്തിന്റെ ചിത്രങ്ങൾ ദേശീയസമ്പത്തായി പ്രഖ്യാപിച്ചത്.

അതിനു നിരക്കുന്ന വിധത്തിൽ രാജാരവിവർമ ചിത്രങ്ങൾ സംരക്ഷിക്കേണ്ടതുണ്ട്. കിളിമാനൂർ കൊട്ടാരം കൈമാറിയ ചിത്രങ്ങളാണ് ഈ ആർട്ട് ഗ്യാലറിയിലുള്ളതെന്നതു വലിയ പ്രത്യേകതയാണ്. അദ്ദേഹം വരച്ചു കൊട്ടാരത്തിൽ സൂക്ഷിച്ചിരുന്ന ചിത്രങ്ങളാണു പൊതുജനങ്ങൾക്കു കാണുന്നതിനായി കിളിമാനൂർ കൊട്ടാരം സംഭാവനയായി നൽകിയത്. ഇവ വരും തലമുറയ്ക്കായി സംരക്ഷിക്കാനും വരുംകാലങ്ങൾക്കു പരിചയപ്പെടുത്താനും നമുക്കു കടമയുണ്ട്.

രാജാരവിവർമ, സഹോദരനായ രാജ രാജ വർമ, സഹോദരി മംഗളാഭായി തമ്പുരാട്ടി, മറ്റു സമകാലിക ചിത്രകാരന്മാർ എന്നിവരുടെ 135 ചിത്രരചനകളും സ്‌കെച്ചുകളുമാണു പുതിയ ഗ്യാലറിയിലുള്ളത്. 7.90 കോടി രൂപ ചെലവഴിച്ചു നിർമിച്ച ഗ്യാലറി നാടിനു സമർപ്പിക്കുന്നതിലൂടെ വിശ്വവിഖ്യാത ചിത്രകാരന് ഉചിതമായ ആദരം സംസ്ഥാനം നൽകുകയാണ്. കലയ്ക്കും സംസ്‌കാരത്തിനും കേരള സർക്കാർ നൽകുന്ന പ്രാധാന്യത്തെ ഗ്യാലറി അടയാളപ്പെടുത്തുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

1977 മുതലുള്ള കേരളത്തിന്റെ സ്വപ്നമാണ് ആർട്ട് ഗ്യാലറി യാഥാർഥ്യമായതിലൂടെ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നതെന്നും നാടിന്റെ യശസും കീർത്തിയും ഉയർത്തുന്നതും സഞ്ചാരികളുടെ പ്രധാന ആകർഷണകേന്ദ്രമാകാൻ കഴിയുന്നതുമായ ഗ്യാലറിയാണു നാടിനു സമർപ്പിച്ചിരിക്കുന്നതെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച പുരാവസ്തു – പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. തിരുവനന്തപുരം മ്യൂസിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി ജെ. ചിഞ്ചുറാണി, വി.കെ. പ്രശാന്ത് എം.എൽ.എ, മേയർ ആര്യ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. വി. വേണു, പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് സെക്രട്ടറി മിനി ആന്റണി, കൗൺസിലർ കെ.എസ്. റീന, പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ. ദിനേശൻ, മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടർ എസ്. അബു, കിളിമാനൂർ പാലസ് ട്രസ്റ്റ് അംഗം കെ.ആർ. രാമവർമ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *